മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി  സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു. ബീഡ് ജില്ലയില്‍ നിന്നുളള എന്‍സിപി സ്ഥാനാര്‍ത്ഥി നമിത മുണ്ഡാഡേയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഈ മാസം ആദ്യമാണ് കൈജ് നിയമസഭാമണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍  ഇവരെ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇവര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 

എന്‍സിപിയില്‍ നിന്നും രാജിവെച്ച  നമിത ബിജെപി ലോക്സഭാംഗമായ പ്രീതം മുണ്ഡേയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. എന്‍സിപി മുന്‍മന്ത്രി വിമല്‍ മുണ്ഡാഡേയുടെ മരുമകളാണ് നമിത. 2014 ലെ തെരഞ്ഞെടുപ്പില്‍ നമിത ബിജെപിയിലെ സംഗീത തോബ്രയോട് പരാജയപ്പെട്ടിരുന്നു.