മണൽ മാഫിയക്കെതിരെ നിലപാട് എടുത്തതിന് അഞ്ജന കൃഷ്ണയെ ഉപമുഖ്യമന്ത്രി അജിത് പവാർ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെയായിരുന്നു വിവാദ പരാമർശം.

മുംബൈ: മഹാരാഷ്ട്രയിലെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയ്‌ക്കെതിരായ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് എന്‍സിപി എംഎല്‍സിയും പാർട്ടി വക്താവുമായ അമോല്‍ മിത്കരി. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നാണ് എംഎൽഎ നേരത്തെ പറഞ്ഞത്. ഇത് സംബന്ധിച്ച കുറിപ്പും എംഎൽസി ഡിലീറ്റ് ചെയ്തു.

പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും മിത്കരി വിശദീകരിച്ചു. സത്യസന്ധമായി പ്രവർത്തിക്കുന്ന പൊലീസുകാരോട് വലിയ ബഹുമാനമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാട് താന്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും മിത്കരി പറഞ്ഞു.

മണൽ മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന് കര്‍മല ഡിവിഷണൽ പൊലീസ് ഓഫീസറായ അഞ്ജന കൃഷ്ണയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. അനധികൃത മണ്ണെടുപ്പ് തടയാനെത്തിയപ്പോഴാണ് അഞ്ജനയെ അജിത് പവാര്‍ ഫോണില്‍ വിളിച്ച് ശകാരിച്ചത്. ആളെ മനസിലായില്ലെന്നും ഓഫീഷ്യല്‍ ഫോണില്‍ വിളിക്കാനും അഞ്ജന കൃഷ്ണ ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെയ്ക്കാൻ അജിത് പവാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമായി.

Scroll to load tweet…

പിന്നാലെ അജിത് പവാർ വിശദീകരണവുമായി രംഗത്തെത്തി. നിയമം നടപ്പാക്കുന്നതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കാനും സാഹചര്യം വഷളാകാതിരിക്കാനുമാണ് ശ്രമിച്ചതെന്ന് അജിത് പവാർ പിന്നീട് വിശദീകരിച്ചു. അതേസമയം അമോല്‍ മിത്കരി രൂക്ഷമായ ഭാഷയിൽ അഞ്ജന കൃഷ്ണക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ യോഗ്യതയിലടക്കം സംശയമുണ്ടെന്നും ഇവരുടെ വിദ്യാഭ്യാസ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നുമാണ് മിത്കരി ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് യുപിഎസ്‍സിക്ക് കത്തയക്കുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷത്തു നിന്നും പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ശക്തമായതോടെയാണ് നിരുപാധികം ക്ഷമാപണം നടത്തിയത്.