മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറിനെതിരായ ജനവികാരമാണുളളതെന്നും ഇനി പുല്‍വാമ പോലുള്ള എന്തെങ്കിലും ആക്രമണമുണ്ടായാല്‍ മാത്രമേ ജനവികാരം മാറി മറിയുകയുള്ളൂ എന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. 

'നേരത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവികാരമായിരുന്നു രാജ്യത്ത് മുഴുവന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരായ ആക്രമണം ജനവികാരം മാറ്റിമറിച്ചു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ, മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ എത്തൂ എന്നും  അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന മുന്നണിയെ തകര്‍ത്ത് എന്‍സിപി അധികാരത്തിലെത്തും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലാവസ്ഥ എന്‍സിപിക്ക് അനുകൂലമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.