ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാര ആത്മഹത്യ ചെയ്തു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാര ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. "മമ്മി-പാപ്പ, ഐ ലവ് യു" എന്നാണ് കത്തിലുള്ളത്. ഡെറാഡൂണിലെ പട്ടേൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിലെ മുറിയിൽ, സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പോലീസ് പറയുന്നതനുസരിച്ച്, മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മുൻപത്തെ ശ്രമങ്ങളിൽ വിജയം നേടാൻ കഴിയാത്തത് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലും നിരാശയിലുമാഴ്ത്തിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവസ്ഥലത്തുനിന്നും വൈകാരികമായ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി സദർ സർക്കിൾ ഓഫീസർ അങ്കിത് സ്ഥിരീകരിച്ചു. പ്രാഥമികമായി ഇതൊരു ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



