പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാൻ റിയ ഒറ്റയ്ക്ക് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ റിയ യാദവിന് കൈയടികളുയർന്നത്.

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിലും ഡൽഹിയിൽ സിജെപി സമരത്തിന് നേരേ നടന്ന പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് മുംബൈയിൽ നടന്ന പ്രകടനത്തിൽ താരമായി നടിയും മോഡലുമായ റിയ യാദവ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാൻ റിയ ഒറ്റയ്ക്ക് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ റിയ യാദവിന് കൈയടികളുയർന്നത്.

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം ആവശ്യപ്പെട്ടാണ് മുംബൈ ദാദറിലെ ശിവാജി പാർക്കിലും പ്രതിഷേധം അരങ്ങേറിയത്. വിദ്യാർഥികളും യുവാക്കളും അടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കാളികളായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെയാണ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ കൊണ്ടുപോയ പൊലീസ് വാഹനം റിയ യാദവ് നടുറോഡിൽ തടഞ്ഞിട്ടത്. പൊലീസ് വാനിന് മുന്നിൽ കയറിനിന്ന യുവതി പിന്മാറിയില്ല. ഇതോടെ സമീപത്തുണ്ടായിരുന്ന യുവാക്കളും യുവതിയെ പിന്തുണച്ചെത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായത്.

അതേസമയം, താൻ വിദ്യാർഥി അല്ലെങ്കിലും അവർക്കൊപ്പമാണെന്നായിരുന്നു റിയ യാദവിന്റെ പ്രതികരണം. പോലീസ് അവരുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്നില്ല. അവർ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കിൽ ഞങ്ങൾ പൗരന്മാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. കഴിഞ്ഞദിവസം ഡൽഹി പൊലീസ് വിദ്യാർഥികളോട് ചെയ്തത് തെറ്റാണെന്നും റിയ യാദവ് പറഞ്ഞു.

മുംബൈയിലെ പ്രതിഷേധത്തിനിടെ റിയ യാദവ് പൊലീസ് വാൻ തടയുന്ന ദൃശ്യങ്ങൾ ഇതിനോടകം നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നടിയും മോഡലുമായ റിയ യാദവ് ഒരു സംരംഭക കൂടിയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സ്വന്തം ബ്രാൻഡിൽ വസ്ത്രവിൽപ്പനയും ഇവർക്കുണ്ട്.

View post on Instagram