കാഠ്‍മണ്ഡു: നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

നേപ്പാളിൽ മരിച്ച നാല് കുട്ടികളടക്കം എട്ട് മലയാളികളുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒമ്പത് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും എന്നാണ് കാഠ്മണ്ഡു പൊലീസ് നല്‍കുന്ന വിവരം.  ഇന്ത്യന്‍ സഞ്ചാരികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. 

മൃതദേഹങ്ങൾ വേഗം നാട്ടിലെത്ത‌ിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ കാഠ്മണ്ഡുവിലെ ഏംബസിക്ക‌് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. 

കാഠ്മണ്ഡുവിൾ നിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർടിലാണ് കുട്ടികളടക്കം എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.