ഗാസിയബാദ്: ഉത്തർപ്രദേശിലെ ​ഗാസിയബാദിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ്. സംഭവവുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നേപ്പാളിൽ നിന്നുളള കുട്ടികളെ കയറ്റിയ ബസ് ന​ഗരത്തിൽ വച്ച് ​ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നതെന്ന് വിജയ്ന​ഗർ എസ് എച്ച്ഒ മഹാവീർ സിം​ഗ് ചൗഹാൻ പറഞ്ഞു. ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. 

കുട്ടികളെ വീട്ടുജോലിക്കായി ദില്ലിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പിടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനുഷ്യക്കടത്തിനെതിരായ വകുപ്പ് പ്രകാരവും ഐപിസിയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരവും മൂന്ന് പ്രതികൾക്കും മേൽ കേസെടുത്തതായി ​ഗാസിയാബാദ് വിജയ​ഗനർ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു.