ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ നെതന്യാഹു നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ എല്ലാ സഹകരണവും മോദി ഉറപ്പുനൽകി.
ദില്ലി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് ഉണ്ടായ സ്ഫോടനം സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ നെതന്യാഹു നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ ഇസ്രായേലിന് എല്ലാ സഹകരണവും മോദി ഉറപ്പുനൽകി.
അതിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇസ്രായേലിന്റെ അംബാസിഡര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന കത്തില്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായാണ് അഭിസംബോധന ചെയ്യുന്നത്. എംബസിക്ക് മുൻപിലെ സ്ഫോടനത്തിന് പിന്നില്‍ ഇറാന്‍ ബന്ധമുണ്ടാകാമെന്ന ആദ്യ സൂചന ലഭിച്ചത് ഈ കത്തില്‍ നിന്നായിരുന്നു. സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇറാന്‍ ആണവശാസ്ത്രജ്ഞൻ ഫക്രിസാദെ അടക്കമുള്ളവരുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്നും കത്തില്‍ പറയുണ്ട്.
