Asianet News MalayalamAsianet News Malayalam

പോര്‍വിമാനങ്ങൾക്ക് വഴിയൊരുക്കിയത് 'നേത്ര'; ബാലാകോട്ടിൽ സൈന്യത്തിന്‍റെ സാങ്കേതിക മികവ്

300 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുക്കളുടെ നീക്കം വരെ നേത്രയ്ക്ക് കണ്ടുപിടിക്കാൻ സാധിക്കും. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താനുള്ള കഴിവാണ് നിരീക്ഷണ വിമാനത്തി‍ന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

Netra Aircraft helped IAF during airstrike in Balakot
Author
Delhi, First Published Feb 27, 2019, 11:16 AM IST

ദില്ലി: പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളിലേക്ക് വ്യോമസേനയ്ക്ക് വഴിയൊരുക്കിയത് നേത്ര വിമാനം. എയര്‍ബോൺ ഏര്‍ലി വാണിംഗ് ആന്റ് കൺട്രോൾ സംവിധാനം ഘടിപ്പിച്ച്  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ സംവിധാനമാണ് നേത്ര. 

ഒരു വര്‍ഷം മുമ്പാണ് നേത്ര വിമാനം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയത്. ബെംഗളൂരൂവിൽ നടന്ന എയർഷോയിൽ മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് ഈ വിമാനം വ്യോമസേനക്ക് കൈമാറിയത്. കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താനുള്ള ശേഷിയാണ് നേത്രയുടെ ഏറ്റവും വലിയ സവിശേഷത. ഇതിനായി അത്യാധുനിക സംവിധാനങ്ങളും വിമാനത്തിനകത്തുണ്ട്. അതായത് അതിര്‍ത്തിക്കിപ്പുറം നിന്ന് സൈനിക നീക്കം നടത്തേണ്ട പ്രദേശത്തിന്‍റെ വിവരങ്ങൾ കൃത്യമായി ട്രാക്കു ചെയ്യാൻ നേത്രയിൽ സംവിധാനമുണ്ട്. 12 മിറാഷ് 2000 പോർവിമാനങ്ങൾക്കും പാക് അതിര്‍ത്തിക്കപ്പുറത്തെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാൻ വഴിയൊരുത്തിയതും സുരക്ഷ ഉറപ്പാക്കിയതും നേത്രയാണ്. 

റഡാറടക്കം സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ശത്രുക്കളുടെ നീക്കങ്ങള്‍ നേത്ര നിരീക്ഷിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുക്കളുടെ നീക്കം വരെ നേത്രയ്ക്ക് കണ്ടുപിടിക്കാൻ സാധിക്കും. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താനുള്ള കഴിവാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

പ്രതിരോധ മേഖലയിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയ അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങി രാജ്യങ്ങൾക്ക് മാത്രമാണ് ഈ സംവിധാനമുള്ള വിമാനങ്ങളുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്. ഡിആർഡിഒയാണ് നേത്ര വികസിപ്പിച്ചെടുത്തത്

Follow Us:
Download App:
  • android
  • ios