Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ പുതിയ മന്ത്രിസഭ: മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജി വച്ചു

വിമതർക്ക് മന്ത്രിപദവി കൊടുത്ത് പ്രശ്നങ്ങളൊതുക്കാനാണ് കർണാടകത്തിൽ എല്ലാ മന്ത്രിമാരും രാജി വച്ചിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു. 

new cabinet in karnataka to pave way for rebels
Author
Bengaluru, First Published Jul 8, 2019, 3:43 PM IST

ബെംഗളുരു: കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി. ആഭ്യന്തരകലഹം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും സർക്കാർ താഴെ വീഴാതിരിക്കാൻ പൂഴിക്കടകൻ പയറ്റുകയാണ് കോൺഗ്രസ് - ജെഡിഎസ് നേതൃത്വങ്ങൾ. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. 

ആദ്യം രാജി പ്രഖ്യാപിച്ചത് കോൺഗ്രസ് മന്ത്രിമാരാണ്. 21 കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. വിമത കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുൾപ്പടെയുള്ളവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ പേരെ ബിജെപി സ്വന്തം പാളയത്തിലേക്ക് വലിക്കാതിരിക്കാൻ ജെഡിഎസ് എംഎൽഎമാരെ കൂർഗിലെ പാഡിംഗ്‍ടൺ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ് നേതൃത്വമിപ്പോൾ.

മന്ത്രിമാരെല്ലാം രാജി വച്ചെന്നും ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു:

ഒരു വർഷവും ഒരു മാസവും മാത്രം ആയുസ്സുള്ള കർണാടക സർക്കാർ താഴെ വീഴുമെന്ന് തോന്നിക്കുന്നതായിരുന്നു ഇന്ന് രാവിലെ മുതലുള്ള സംഭവങ്ങൾ. ബിജെപി. സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായിരുന്ന എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുൾബാഗൽ എംഎൽഎയായ എച്ച് നാഗേഷ് സർക്കാർ രൂപീകരണസമയത്ത് കോൺഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്നെ കഴിഞ്ഞ ഡിസംബറിൽ കളം മാറിച്ചവിട്ടി ബിജെപിക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോൾ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നൽകിയാണ് നാഗേഷിനെ ഒപ്പം പിടിച്ചു നിർത്തിയത്. 

രാജി വച്ചതിന് പിന്നാലെ നാഗേഷ് മുംബൈയിലേക്ക് പോയി. എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് തങ്ങുന്നത്. 

ഈ രാജിക്കത്തുകളെല്ലാം അംഗീകരിക്കപ്പെട്ടാൽ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങളുടെ എണ്ണം 106 ആകും. ജെഡിഎസ് - കോൺഗ്രസ് സഖ്യസർക്കാരിന്‍റെ അംഗബലം 104 ആയി ചുരുങ്ങും. ബിജെപിക്ക് നിലവിൽ 105 അംഗങ്ങളുണ്ട്. സ്വതന്ത്രൻ എച്ച് നാഗേഷിന്‍റെ കൂടി പിന്തുണയോടെ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാം. 106. 

സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ഉടൻ രാജി വയ്ക്കണമെന്നും ബിജെപി നേതാവ് യെദിയൂരപ്പ ആവശ്യപ്പെട്ടു. ഉള്ള സാഹചര്യം മുതലാക്കാതിരിക്കാൻ 'ഞങ്ങൾ സന്യാസിമാരൊന്നുമല്ലല്ലോ' എന്നാണ് യെദ്യൂരപ്പയുടെ ചോദ്യം. 

അതേസമയം, എച്ച് നാഗേഷിനെ യെദിയൂരപ്പയുടെ പി എയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി മന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചു. 

മന്ത്രിമാരെല്ലാം രാജി വച്ച സ്ഥിതിക്ക് ഇനി വിമതർ എന്ത് നിലപാടെടുക്കുമെന്നതാണ് നിർണായകം. മന്ത്രിപദവി അംഗീകരിച്ച് സർക്കാരിനെ നിലനിർത്തുമോ അതോ, രാജിയിലുറച്ച് നിന്ന് സർക്കാരിനെ താഴെ വീഴ്‍ത്തുമോ എന്നത് കണ്ടറിയണം. നാളെയാണ് സ്പീക്കർ വിധാൻ സൗധയിൽ തിരിച്ചെത്തുന്നത്. നാളെ രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാലോ അഞ്ചോ എംഎൽഎമാരെ ഒപ്പമെത്തിച്ചാൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസർക്കാർ.

Follow Us:
Download App:
  • android
  • ios