അതിനിടെ തമിഴ്നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി.

ചെന്നൈ: കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ ഒരാള്‍ക്കൂടി മരിച്ചു. തേനി സ്വദേശിയായ 53 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. 
മരിച്ച സ്ത്രീയുടെ ബന്ധു നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ തമിഴ്‍നാട്ടില്‍ മടങ്ങിയെത്തിയെന്നാണ് വിവരം. ഇതോടെ ഇന്നുമാത്രം തമിഴ്‍നാട്ടില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വില്ലുപുരം സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ അബ്ദുള്‍ റഹ്മാനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റൊരാള്‍. ഇയാള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ആളാണ്. കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം മൂന്നായി.

അതിനിടെ തമിഴ്നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. കൊവിഡ് പ്രതിരോധത്തിന് കടുത്ത വെല്ലുവിളി ആവുകയാണ് നിസ്സാമുദ്ദിനീല്‍ നിന്നെത്തിയവരുടെ നീണ്ട സമ്പര്‍ക്ക പട്ടിക. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 485 പേരില്‍ 437 ഉം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കണ്ടെയ്ന്‍മെന്‍റ് പദ്ധതിയുടെ ഭാഗമായി തിരിച്ചറിയുന്നവരുടെ സമീപത്തെ എല്ലാ വീടുകളിലും പരിശോധന വിപുലപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആവശ്യസാധനങ്ങളുടെ വില്‍പ്പന സമയം വെട്ടിചുരുക്കി.

അതേസമയം നിയന്ത്രണങ്ങള്‍ മറികടന്ന് തെങ്കാശിയില്‍ പ്രാര്‍ത്ഥനാ ചടങ്ങിലെത്തിയ 300 ലധികം പേരെ പൊലീസ് ലാത്തിവീശി പിരിച്ചുവിട്ടു. നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 300 പേർക്കെതിരെയാണ് കേസെടുത്തത്.