ദില്ലി: നാല് സുപ്രധാന സംസ്ഥാനങ്ങിൽ ഗവർണർമാരെ നിയമിച്ച് കേന്ദ്രസർക്കാർ. ഉത്തർപ്രദേശിൽ രാം നായികിനെ മാറ്റി മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിനെ ഗവർണറായി നിയമിച്ചു. പശ്ചിമബംഗാളിലെ നിയമനമാണ് ശ്രദ്ധേയം. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ജഗ്‍ദീപ് ധൻകറാണ് ഇവിടത്തെ പുതിയ ഗവർണർ. 

1990 - 91-ൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയായി ധൻകർ ചുമതല വഹിച്ചിട്ടുണ്ട്. 2003-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. നിലവിലെ ഗവർണർ കേസരി നാഥ് ത്രിപാഠിയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കുന്നതിനാലാണ് പുതിയ നിയമനം.

77-കാരിയായ ആനന്ദി ബെൻ പട്ടേൽ, നിലവിൽ മധ്യപ്രദേശ് ഗവർണറാണ്. ഇവിടെ നിന്നാണ് ഉത്തർപ്രദേശിലേക്ക് മാറുന്നത്. മുതിർന്ന ബിജെപി നേതാവ് ലാൽജി ഠണ്ഡനാണ് പുതിയ മധ്യപ്രദേശ് ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് ലാൽജി ഠണ്ഡൻ. 

ഛത്തീസ്‍ഗഢിൽ നിന്ന് ഇത്തവണ സീറ്റ് കിട്ടാതിരുന്ന മുതിർന്ന ബിജെപി നേതാവ് രമേശ് ബയ്‍സ്, ത്രിപുര ഗവർണറായി. മുൻ ഐബി സ്പെഷ്യൽ ഡയറക്ടർ ആർ എൻ രവി, നാഗാലാൻഡ് ഗവർണറാകും. നാഗാ തീവ്രവാദി സംഘടനകളുടെ ഇടനിലക്കാരനായിരുന്ന ആർ എൻ രവിക്ക് ഇതിനുള്ള അംഗീകാരമായിട്ടു കൂടിയാണ് പദവി. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അടുത്ത് പ്രവർത്തിച്ചിരുന്ന ആർ എൻ രവി, എൻഎസ്‍സിഎൻ (ഐഎം) എന്ന സംഘടനയുമായി ചർച്ച നടത്തി സമാധാനക്കരാറിൽ ഒപ്പു വച്ചത്.