ദില്ലി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്‍ററികാര്യ കാബിനറ്റ് കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം തീരുമാനം എടുക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. 

ഭരണഘടന ദിനത്തിന്‍റെ ഭാഗമായി നവംബര്‍ 25, 26 തിയതകളിൽ സ്പീക്കര്‍മാരുടെ സമ്മേളനം വിളിക്കും. ഗുജറാത്തിലെ പട്ടേൽ പ്രതിമക്ക് സമീപം ചേരുന്ന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 26-ന് സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 

പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം ഉടൻ ആരംഭിക്കുമെന്നും 2022ലെ സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും ചേരുകയന്നും സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു. അതേസമയം പുതിയ പാർലമെൻ്റ മന്ദിരത്തിൻ്റെ ഉദ്ഘാടനം ഡിസംബറിൽ ആരംഭിക്കുമെന്നും 2022- ഒക്ടോബറിൽ പൂർത്തിയാവുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഭാവിയിൽ ഉണ്ടായേക്കാവുന്ന സീറ്റ് വർധനവ് കൂടി കണക്കിലെടുത്ത് 888 സീറ്റുകളുള്ള ലോക്സഭാ ഹാളും 384 സീറ്റുകളുള്ള രാജ്യസഭാ ഹാളുമാണ് പുതിയ പാർലമെൻ്റ മന്ദിരത്തിൽ ഉണ്ടാവുക. എല്ലാ എംപിമാർക്കും പ്രധാനമന്ത്രിമാർക്കും മറ്റു മന്ത്രിമാർക്കും ഓഫീസുകളും കോൺഫറൻസ് ഹാളുകളും പുതിയ മന്ദിരത്തിലുണ്ടാവും. ‌861 കോടി രൂപയുടെ മന്ദിര നി‍ർമ്മാണ പദ്ധതി ടാറ്റാ പ്രൊജക്ടിസിനാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ പാ‍ർലമെൻ്റ ഹൗസിനോട് ചേ‍ർന്നാണ് പുതിയ മന്ദിരം പണിയുന്നത്.