ചണ്ഡിഗഡ്: പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷയായി തെരുവുനായ. ഹരിയാനയിലെ കയ്ത്താല്‍ ജില്ലയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിനെ ഓടയില്‍ നിന്ന് കണ്ടെത്തിയത്. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഓടയില്‍ നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് കവറിനെ വട്ടംചുറ്റി തെരുവ് നായ കുരയ്ക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് കവറിനുള്ളില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലാക്കിയെങ്കിലും തലക്ക് പരിക്കേറ്റ പെണ്‍കുഞ്ഞിന്‍റെ നില ഗുരുതരമാണ്. 

കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീ പ്ലാസ്റ്റിക് കവര്‍ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോവുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. 1.15കിലോഗ്രാം ഭാരമാണ് ശിശുവിനുള്ളത്. 

കുഞ്ഞിനെയുപേക്ഷിച്ചവരെ കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.