നാഗ്‌പുർ: കാറിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരണത്തോട് മല്ലടിക്കുന്നു. നാഗ്പുർ നഗരമധ്യത്തിൽ നിന്നും ഞായറാഴ്ച കണ്ടെത്തിയ കുഞ്ഞ് ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ജനിച്ച് ആദ്യ 24 മണിക്കൂർ കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നില്ല. അതിനാൽ കുഞ്ഞിന്റെ രക്തസമ്മർദ്ദം വളരെയധികം താഴ്ന്ന് അപകടാവസ്ഥയിലായി. അതിതീവ്ര പരിചരണ വിഭാഗത്തിൽ മുഴുവൻ സമയ നിരീക്ഷണത്തിലാണ് കുഞ്ഞിപ്പോൾ.

നാഗ്‌പുറിലെ മനീഷ് നഗർ ഏരിയയിലെ താമസക്കാരാണ് ഞായറാഴ്ച രാവിലെ കുഞ്ഞിനെ കണ്ടെത്തിയത്. അതിരാവിലെ അസ്വാഭാവികമായ നിലയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവിടുത്തെ താമസക്കാർ കാറിനടിയിൽ ഉപേക്ഷിച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.

ഉടൻ തന്നെ ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ജനിച്ച് അതുവരെയായിട്ടും കുഞ്ഞിന്റെ ദേഹം ശുദ്ധിയാക്കിയിരുന്നില്ല. നീളമുള്ള പൊക്കിൾക്കൊടി വയറിൽ ചുറ്റിവച്ച നിലയിലായിരുന്നു. 

പൊലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ അമ്മയ്ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. പെൺകുഞ്ഞായത് കൊണ്ടാകാം കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് സംശയം.