കുട്ടിയെ മറവുചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു. അവസാനമായി കുഞ്ഞിനെ ഒന്നുകൂടി കാണണം എന്ന് മുത്തശ്ശി ആഗ്രഹം പ്രകടിപ്പിച്ചത് വഴിത്തിരിവായി

മുംബൈ: മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജനിച്ച് 12 മണിക്കൂറിന് ശേഷം ജീവന്‍. മഹാരാഷ്ട്രയിലാണ് അത്ഭുതകരമായ സംഭവം. സ്വാമി രാമാനന്ദ് തീര്‍ഥ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ജനിച്ച, ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ കുട്ടിയാണ് 12 മണിക്കൂറിന് ശേഷം കരഞ്ഞത്. പ്രസവ ശേഷം കുട്ടി മരിച്ചെന്നായിരുന്നു കരുതിയിരുന്നത്. ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായി കുട്ടിയെ മുത്തച്ഛന്‍ ഗ്രമത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

കുട്ടിയെ മറവുചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു. അവസാനമായി കുഞ്ഞിനെ ഒന്നുകൂടി കാണണം എന്ന് മുത്തശ്ശി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുട്ടിയുടെ മുഖത്തു നിന്നും തുണി മാറ്റി. ഈ സമയം പെട്ടന്ന് കുട്ടി കരയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നല്‍കാന്‍ ആരംഭിച്ചു. ജനിച്ച ഉടന്‍ കുഞ്ഞ് ജീവനുള്ളതിന്‍റെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിട്ടില്ലെന്നും പരിശോധനയിലും മരിച്ചെന്നാണ് മനസിലായതെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ജനിക്കുമ്പോൾ ഒരു കിലോയിലും താഴെയായിരുന്നു കുട്ടിയുടെ ഭാരം. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.