മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍നിന്ന് തന്നെയെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി ചര്‍ച്ച നടത്തിയെന്നും  റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണ്. നീതിക്കുവേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകും. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ശരദ് പവാര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരുണ്ടാകണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ശരദ് പവാര്‍ ദില്ലിയിലെ വലിയ നേതാവാണെന്നും അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും റാവത്ത് പറഞ്ഞു. 
ഒക്ടോബര്‍ 24 ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ബിജെപി-ശിവസേന തര്‍ക്കത്തില്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുകയായിരുന്നു. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില.