സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായി. ഡിജിറ്റൽ സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ അതിജീവിച്ച് വെബ്സൈറ്റിന്‍റെ പ്രവർത്തനം പുനഃസ്ഥാപിച്ചതായും വിദ്യാർത്ഥികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ബോർഡ് അറിയിച്ചു.

ദില്ലി: സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ ചൊവ്വാഴ്ച കടുത്ത സൈബർ ആക്രമണമുണ്ടായതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു. ഹാക്കർമാരുടെ ഭാഗത്തുനിന്നും കനത്ത ആക്രമണമാണ് ഉണ്ടായതെങ്കിലും നിലവിൽ വെബ്‌സൈറ്റിന്‍റെ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഇതിനകം പതിനാറായിരത്തിലധികം വിദ്യാർത്ഥികൾ റീ-വാല്യൂവേഷനായുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞതായും ബോർഡ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒരേസമയം റീ-വാല്യൂവേഷൻ പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്താണ് ഡിജിറ്റൽ സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് ചില സാമൂഹിക വിരുദ്ധർ സൈബർ ആക്രമണം നടത്തിയത്. വെറും രണ്ട് മിനിറ്റിനുള്ളിൽ 15 ലക്ഷത്തോളം വ്യാജ ഹിറ്റുകളാണ് സൈറ്റിലേക്ക് ഉണ്ടായത്. കൂടാതെ അനുമതിയില്ലാതെ പോർട്ടലിലെ ഫയലുകൾ ചോർത്താൻ ലക്ഷ്യമിട്ട് ഒരു ലക്ഷത്തിലധികം തവണ അനധികൃതമായ ശ്രമങ്ങളും നടന്നു. ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് സാങ്കേതിക വിഭാഗം സൈറ്റ് പൂർവ്വസ്ഥിതിയിലാക്കിയത്.

വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്ത് അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമവും ലളിതവുമാക്കാൻ പ്ലാറ്റ്‌ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സെഷൻ ടൈം ലിമിറ്റുകൾ വർദ്ധിപ്പിച്ചതായും സിബിഎസ്ഇ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ തങ്ങളുടെ സാങ്കേതിക വിഭാഗം അതീവ ജാഗ്രതയോടെയും വേഗത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു.