മുംബൈ: പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ സന്നദ്ധ സംഘടനയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് പ്രദിപ് നന്ദ്രജോഗ്, ഭാരതി ദാംഗ്രേ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്ന് ഹര്‍ജി നല്‍കിയ റായ്‍ഗഡ് ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അഭിവ്യക്തി' എന്ന സന്നദ്ധ സംഘടനയ്ക്ക് കോടതി പിഴ വിധിച്ചു. ഹൈക്കോടതിയിലെ ലീഗല്‍ എയ്ഡ് സര്‍വ്വീസസിന്‍റെ ഫണ്ടിലേക്ക് അടുത്ത രണ്ടാഴ്ചയ്ക്കകം പിഴ അടയ്ക്കണം.

കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ വക്കീല്‍ സുഭാഷ് ഝാ മുഖേന എന്‍ ജി ഒ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നവി മുംബൈയിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (സിഐഡിസിഒ)എന്ന സ്ഥാപനം നിര്‍മ്മാണ അവശിഷ്ടങ്ങള്‍ അടുത്തുള്ള ചതുപ്പ് നിലത്തില്‍ നിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.  ഖര്‍ഗറിലെ 18 , 19 സെക്ടറിന് ഇടയിലുള്ള ആറ് ഹെക്ടറിലാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്നും ഇവിടെയുള്ള കുളത്തിലേക്കും ചതുപ്പ് നിലത്തിലേക്കും ഇവ അടിഞ്ഞുകൂടുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

എന്നാല്‍ ഇവിടെ ചതുപ്പ് നിലമോ കുളമോ ഇല്ലെന്നും സ്വകാര്യ വ്യക്തിയുടെ ഭൂമി നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി സംസ്ഥാനം ഏറ്റെടുത്തതാണെന്നും സിഐഡിസിഒ കോടതിയില്‍ വിശദീകരണം നല്‍കി. ശക്തമായ മഴയില്‍ ചെളിവെള്ളം മാത്രമാണ് ഇവിടെ അടിയുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംരക്ഷിത ചതുപ്പ് നിലമാണെന്ന് ആദ്യം പറയുകയും പിന്നീട് ഇവിടം സ്വാഭാവിക ജലാശയമാണെന്നും മഴവെള്ളം ശേഖരിക്കപ്പെടുന്ന കുളമാണെന്നും നിലപാട് മാറ്റിയ സന്നദ്ധ സംഘടനയുടെ മറുപടി തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു.

സംസ്ഥാനം സമര്‍പ്പിച്ച രേഖകളില്‍ സ്ഥലം ജലാശയമോ ചതുപ്പ് നിലമോ അല്ലെന്ന് കണ്ടെത്തിയതോടെ പൊതുതാല്‍പ്പര്യ ഹര്‍ജി പ്രേരിതമാണെന്നും നവി മുംബൈയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതുമാണെന്ന് കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് അര്‍ത്ഥമില്ലാത്ത ഹര്‍ജി സമര്‍പ്പിച്ചതിന് എന്‍ ജി ഒയ്ക്ക് കോടതി പിഴ വിധിക്കുകയായിരുന്നെന്ന് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.