കശ്മീര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്ക് ആയുധമെത്തിക്കുന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് മിര്‍ (36) ആണ് ബുധനാഴ്ച എന്‍ഐഎയുടെ പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തപ്പോഴാണ് താരിഖിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.

തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് താരിഖ് ആണെന്നായിരുന്നു നവീദ് മുഷ്താഖ് ഷാ എന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയുടെ വെളിപ്പെടുത്തല്‍. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള നേതാവായ താരിഖ് മാല്‍ഡൂറയിലെ ഗ്രാമമുഖ്യനായിരുന്നു. 2011ല്‍ പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല തെരഞ്ഞെടുപ്പ് നടന്നത്.

പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു. അങ്ങനെയാണ് താരിഖ് ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി പിന്തുണയുണ്ടായിരുന്ന നേതാവാണ് താരിഖ് എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ താരിഖിന്‍റെ വീട് എന്‍ഐഎ റെയ്ഡ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ താരിഖിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ  ദേവീന്ദ്രര്‍ സിംഗുമായി ബന്ധപ്പെട്ട കേസിലാണ് താരിഖും പിടിയിലായിരിക്കുന്നത്. ദേവീന്ദര്‍ സിംഗിനൊപ്പം അറസ്റ്റിലായ തീവ്രവാദിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് താരിഖിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍, ദേവീന്ദര്‍ സിംഗിന്‍റെ കേസുമായി താരിഖിനെ നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.