ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ സഹായിച്ചതിന് പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങിനെ ദില്ലിയിലേക്ക് കൊണ്ടുപോകും. കേസ് അന്വേഷണം ഏറ്റെടുത്ത എൻഐഎയാണ് ഇയാളെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നത്. ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദർ സിങിനെ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദില്ലിയിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്‍റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം.

ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.