തമിഴ്‌നാട്ടിൽ ഭരണത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് ആവശ്യം ഡിഎംകെ തള്ളി. ഇതോടെ ഡിഎംകെ-കോൺഗ്രസ് സഖ്യം പിളരുമോയെന്നും, വിജയ്‌യുടെ ടിവികെയുമായി കോൺഗ്രസ് പുതിയ സഖ്യമുണ്ടാക്കുമോയെന്നുമുള്ള ചർച്ചകൾ സജീവമായി.
ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോയെന്ന ചോദ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഭരണം നേടിയാൽ സർക്കാരിൽ പങ്കാളിത്തം വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡിഎംകെ നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കി. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത് പോലെ, ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോൺഗ്രസിൻ്റെ സഖ്യ സർക്കാർ എന്ന ആവശ്യത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശക്തമായി എതിർക്കുന്നുവെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും റവന്യൂ മന്ത്രിയുമായ ഐ. പെരിയസാമിയാണ് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഭരണം നേടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ ദിണ്ടിഗലിൽ വച്ച് മാധ്യമങ്ങളെ കണ്ട എ പെരിയസാമി നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒരു സഖ്യ സർക്കാർ ഉണ്ടായിട്ടില്ലെന്നും ഡിഎംകെ എല്ലാ കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് എംപി മാണിക്കം ടാഗോറും, സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള ഗിരീഷ് ചോദങ്കറുമാണ് സഖ്യസർക്കാർ എന്ന ആവശ്യം ഉന്നയിച്ചത്. തമിഴ്‌നാട് പിസിസി അധ്യക്ഷൻ സെൽവപെരുന്തഗൈയും ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് മുന്നണി വിടുമോയെന്ന ചോദ്യവും ശക്തമാകുന്നത്.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വിടാൻ കോൺഗ്രസ് തീരുമാനിച്ചാൽ, ഡിഎംകെയ്ക്ക് ഒപ്പം നിൽക്കാനാണ് എസ് രാമദോസിൻ്റെ നേതൃത്വത്തിലുള്ള പിഎംകെ ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. അതിനിടെ എഐഎഡിഎംകെ-ബിജെപി സഖ്യം തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും ബിജെപി മന്ത്രിമാരെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിൽ ഇദ്ദേഹം നടത്തിയ പ്രതികരണവും സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ എഐഎഡിഎംകെ നേതൃത്വം ഈ ആവശ്യത്തെ അനുകൂലിക്കുന്നില്ലെന്നാണ് വിവരം.


