Asianet News MalayalamAsianet News Malayalam

കർഷക നേതാക്കളും മാധ്യമ പ്രവർത്തകരുമടക്കം 40 പേർക്ക് എൻഐഎ നോട്ടീസ്; സമരം അട്ടിമറിക്കാനുള്ള നീക്കമെന്ന് സിർസ

സമരം അട്ടിമറിയ്ക്കാനുള്ള നീക്കമാണിതെന്ന് ബൽദേവ് സിങ്ങ് സിർസ പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

nia notice for Farmer leader Baldev Singh Sirsa
Author
Delhi, First Published Jan 16, 2021, 5:50 PM IST

ദില്ലി: കേന്ദ്ര സ‍ർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷക നേതാക്കളും പഞ്ചാബിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുമടക്കം 40 പേർക്ക് എൻഐഎ നോട്ടീസ് അയച്ചു. സംയുക്ത കിസാൻ മോർച്ച നേതാവ് ബൽദേവ് സിംഗ് സർസ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയ്‍ക്ക് എതിരായ കേസിലാണ് ഹാജരാകാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമരം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. അതേസമയം അവശ്യവസ്തുഭേദഗതിനിയമത്തില്‍ കേന്ദ്രം വിട്ടുവീഴ്ചയ്‍ക്ക് തയാറായ സാഹചര്യത്തില്‍ അടുത്ത ചര്‍ച്ചയിൽ കൂടുതൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രവും കര്‍ഷകസംഘടനകളും. 

കർഷക സമരത്തിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണം കേന്ദ്ര സർക്കാർ ശക്തമാക്കുന്നതിനിടെയാണ് കര്‍ഷക യൂണിയനിലെ അംഗത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകപ്രക്ഷോഭത്തിന്റെ അണിയറശില്പികളില്‍ പ്രമുഖനാണ് എന്‍ഐഎയുടെ നോട്ടിസ് ലഭിച്ച ബല്‍ദേവ് സിങ് സിര്‍സ. ക‍ർഷകരെ പ്രതീനിധീകരിച്ച് സർക്കാരുമായുള്ള ചർച്ച നടത്തുന്ന സംഘത്തിലെ അംഗം കൂടിയാണ് ബൽദേവ് സിർസ. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കേന്ദ്രസ‍ർക്കാരിന് അട്ടിമറിയ്ക്കാൻ ഈ സംഘടനകൾക്ക് അടക്കം വിദേശസഹായം എത്തിയെന്നും ഇതിന് സിർസ സാക്ഷിയാണെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. സമരത്തെ പിന്തുണയ്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബല്‍തേജ് പന്നു, വ്യവസായി ഇന്ദ്രപാല്‍സിങ് ഉള്‍പ്പെടെ നാല് പേര്‍ക്കും എന്‍ഐഎ നോട്ടീസ് അയച്ചിട്ടുണ്ട്. 

അതേസമയം, സമരം അട്ടിമറിയ്ക്കാനുള്ള നീക്കമാണിതെന്ന് ബൽദേവ് സിങ്ങ് സിർസ പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അവശ്യവസ്തുനിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതികൾക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കർഷകരെ കഴിഞ്ഞ ചർച്ചയിൽ അറിയിച്ചിരുന്നു. ഇതിനോട് ചില കർഷകസംഘടനകൾക്കും യോജിപ്പുണ്ട്. ഭേദഗതികൾ സ്വീകാര്യമായാൽ ചൊവ്വാഴ്ചത്തെ ചർച്ചയിൽ ഇക്കാര്യത്തിൽ സമവായമാകും. ശേഷിക്കുന്ന മറ്റ് രണ്ട് വിവാദ നിയമങ്ങളുടെയും താങ്ങുവിലയുടെയും കാര്യത്തിലാകും ചർച്ച.  ചർച്ചക്ക് മുന്നോടിയായി കർഷകർ നാളെ സിംഘുവിൽ യോഗം ചേരും.

Follow Us:
Download App:
  • android
  • ios