സ്ഫോടനത്തിൽ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല
കോയമ്പത്തൂർ: ഉക്കടത്തെ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്നും എൻഐഎ വ്യക്തമാക്കുന്നു.
കോയമ്പത്തൂർ സ്ഫോടനത്തിൽ 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് ബന്ധം? രണ്ടുപേരെ ചോദ്യം ചെയ്തു
കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അൽ ഉമ്മയുടെ പ്രവർത്തകരും അന്വേഷണ പരിധിയിലുണ്ട്. കൂട്ട ആൾനാശമാണ് സ്ഫോടനത്തിന്‍റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്.
'കോയമ്പത്തൂർ സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതെന്ത്'? തമിഴ്നാട്ടിലും ഗവർണർ സർക്കാർ പോര്
കോയമ്പത്തൂർ സ്ഫോടന കേസിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ.രവി. കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്ന് ഗവർണർ ചോദിച്ചു. ഉക്കടം സ്ഫോടനത്തിൽ ഉൾപ്പെട്ടവർ മുൻപേ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. തമിഴ്നാട് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചു. പക്ഷേ, കേസ് എൻഐഎക്ക് കൈമാറുന്നത് സർക്കാർ താമസിപ്പിച്ചുവെന്നും ഗവർണർ കുറ്റപ്പെടുത്തി.
