ശ്രീനഗര്‍: തീവ്രവാദികളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായ കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. പിടിയിലായ ദേവീന്ദര്‍ സിംഗിന്‍റെ വീട്ടിലും സ്വകാര്യ ഓഫീസിലുമായാണ് എന്‍ഐഎ പരിശോധന നടത്തിയത്. എന്‍ഐഎയും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് റെയ്‍ഡ് നടത്തിയത്. ജനുവരി 11 നാണ് ഡിഎസ്‍പി ദേവീന്ദർ സിംഗ് ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകരർക്കൊപ്പം ജമ്മുവില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്.

കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ അക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പണം കൈപ്പറ്റിയാണ് ഇയാൾ ഭീകരരെ ദില്ലിയിലെത്തിക്കാന്‍ ശ്രമിച്ചത്. ശ്രീനഗർ വിമാനത്തവളത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ദേവീന്ദർ സിംഗ്. നേരത്തേ ദേവീന്ദർ സിംഗിന്‍റ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടിയിരുന്നു.

Read More:ദേവീന്ദർ സിംഗിനെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; അന്വേഷണത്തിനായി ദില്ലിയില്‍ എത്തിച്ചേക്കും...