ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ്ങിന് ജാമ്യം ലഭിച്ചു എന്ന വാർത്തയിൽ എൻഐഎയുടെ ഭാഗത്തുനിന്ന് വിശദീകരണം പുറത്തുവന്നിരിക്കുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ എൻഐഎയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പുറപ്പെടുവിച്ച ട്വീറ്റിലൂടെയായിരുന്നു വിശദീകരണം. 

 

"ദില്ലി പോലീസ് ദേവീന്ദർ സിങിനെ അറസ്റ്റ് ചെയ്തത് വേറെ ഒരു കേസിലാണ്. ദേവീന്ദർ സിങ് ഇപ്പോഴും എൻഐഎ കേസിൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. എൻഐഎ കേസിൽ അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 2020 ജൂലൈ ആദ്യവാരം ഈ കേസിലെ എഫ്‌ഐആർ എൻഐഎ കോടതിയിൽ സമർപ്പിക്കുന്നതാണ്." എന്നായിരുന്നു ട്വീറ്റ്. 

ജൂൺ 19 -ന് വൈകുന്നേരം അഞ്ചരയോടെ പുറത്തുവന്ന ശശി തരൂരിന്റെ വിമർശന ട്വീറ്റിനോടുള്ള പ്രതികരണമായിട്ടാണ് എൻഐഎ ട്വിറ്ററിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്.  "എങ്ങനെയാണ് ഗവൺമെന്റ് ഇങ്ങനെ ഒരു കാര്യം സംഭവിക്കാൻ അനുവദിച്ചത് എന്നുമാത്രമാണ് എനിക്ക് ഇപ്പോൾ ചോദിക്കാനുള്ളത്. എന്നാൽ, യഥാർത്ഥത്തിൽ ഉയരുന്ന ചോദ്യം, നമ്മൾ ഇന്ത്യക്കാർ ഇങ്ങനെ ഒരു കെടുകാര്യസ്ഥത കാണിച്ച ഗവണ്മെന്റിനെ വെറുതെ വിടുന്നത് എന്തിനാണ് എന്നാണ്" എന്നായിരുന്നു ശശി തരൂരിന്റെ വിമർശനാത്മകമായ  ട്വീറ്റ്.

 

 

ജൂൺ 19 -ന് വൈകുന്നേരം നാലരയോടെയാണ്  ഈ വിഷയത്തിലെ പിടിഐ ട്വീറ്റ് വരുന്നത്. "ദില്ലി പൊലീസ് സമയത്തിന് കുറ്റപത്രം സമർപ്പിക്കാതിരുന്നതുകൊണ്ട്, സസ്‌പെൻഡ് ചെയ്യപ്പെട്ട ജമ്മു കശ്മീർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ്ങിന് ജാമ്യം കിട്ടിയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിക്കുന്നു " എന്നായിരുന്നു പിടിഐ ട്വീറ്റ്. പിടിഐയുടെ ട്വീറ്റിനോടുള്ള പ്രതികരണമായിയിരുന്നു ശശിതരൂർ കേന്ദ്രഗവൺമെന്റിനെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.