ഒട്ടാവ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില്‍ ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു. 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണം തെളിഞ്ഞത്. ഇന്നലെ വൈകിട്ടോടെ ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില്‍ പതാക തെളിയുകയായിരുന്നു.

നയാഗ്ര ഫോള്‍സ് ഇല്യൂമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണക്കാഴ്ച ഒരുക്കിയത്. ഇന്തോ-കാനഡ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പതാക ഉയര്‍ത്തുകയും ചെയ്തു. 

ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് ആശംസ നേര്‍ന്നു.