Asianet News MalayalamAsianet News Malayalam

ദശാബ്‍ദത്തിലെ ഏറ്റവും വലിയ നേട്ടം; 2000 പോയന്‍റ് കടന്ന് കുതിച്ച് സെൻസെക്സ്

ഒറ്റയടിക്ക് കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചതാണ് ഓഹരിവിപണിക്ക് ഉണർവ് പകർന്നത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. ധനമന്ത്രിയുടേത് മിനി ബജറ്റെന്ന് വിപണി.

Nifty posts biggest single day gain in a decade after finance ministers announcement on corporate tax cuts
Author
Mumbai, First Published Sep 20, 2019, 1:33 PM IST

മുംബൈ: കോർപ്പറേറ്റ് നികുതി കുറയ്ക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനം ഓഹരിവിപണിക്ക് പുത്തനുണർവ് പകർന്നു. കോർപ്പറേറ്റ് നികുതിയുടെ കാര്യത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം ഒരു മിനി ബജറ്റ് തന്നെയാണെന്നാണ് അഭിപ്രായമുയരുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സെൻസെക്സും നിഫ്റ്റിയും നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 1900 പോയിന്റും നിഫ്റ്റി 559 പോയിന്റും നേട്ടമുണ്ടാക്കി. കഴിഞ്ഞ പത്ത് വ‍ർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിനക്കുതിപ്പാണിത്. 

ഒറ്റയടിക്ക് കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചതാണ് ഓഹരിവിപണിക്ക് ഉണർവ് പകർന്നത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു. വിപണി വൻനേട്ടം കൈവരിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുള്ളത്. ജൂലൈ അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച, ഓഹരി മടക്കി വാങ്ങുമ്പോൾ ഈടാക്കുന്ന നികുതി ഒഴിവാക്കിയതും വിപണിക്ക് കരുത്തേകി.

ഓട്ടോ ഓഹരികളിൽ മാരുതി സുസുക്കിയും ഐഷർ മോട്ടോഴ്സും ടാറ്റ മോട്ടോഴ്സും വലിയ നേട്ടമുണ്ടാക്കി. ഇൻഡസെന്റ് ബാങ്ക്, എസ്ബിഐ, എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. ഹോട്ടൽ ഓഹരികൾ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ ഓഹരികൾ 1.50 ശതമാനം മുതൽ 3.70 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. 7,500 മുതൽ പതിനായിരം വരെയുള്ള ഹോട്ടൽ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി ജിഎസ്ടി യോഗത്തിൽ 18 ശതമാനമായി കുറയ്ക്കുമെന്ന ആഭ്യൂഹം വന്നതോടെ ഹോട്ടൽ ഓഹരികളും കുതിച്ചുയർന്നു. താജ് ജിവികെ ഹോട്ടൽസ് ആൻഡ് റിസോർട്ട് 5 ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.

Follow Us:
Download App:
  • android
  • ios