Asianet News MalayalamAsianet News Malayalam

'മൊബൈലടക്കം പൊലീസ് കൊണ്ടുപോയി', അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി മലയാളി അഭിഭാഷക

മലയാളി അഭിഭാഷക നികിത ജേക്കബിനും ആക്ടിവിസ്റ്റ് ശാന്തനുവിനും എതിരെയാണ് വാറന്‍റുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യമില്ലാ വാറന്‍റാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

nikita jacob malayalee activist and lawyer seeks protetction from arrest
Author
New Delhi, First Published Feb 15, 2021, 2:31 PM IST

മുംബൈ/ ദില്ലി: ഇരുപത്തിരണ്ടുകാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മലയാളി അഭിഭാഷക കൂടിയായ പരിസ്ഥിതി പ്രവർത്തക നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ദില്ലി പൊലീസ്. കർഷകസമരങ്ങൾക്ക് പിന്തുണയുമായി യുവപരിസ്ഥിതി പ്രവർത്തക ഗ്രെറ്റ് ത്യൂൻബർഗ് ട്വിറ്ററിലൂടെ ഷെയർ ചെയ്ത ''ടൂൾകിറ്റ്'' തയ്യാറാക്കി നൽകിയതിൽ ദിശയ്ക്കൊപ്പം ഇവർക്കും പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

ഇതിനിടെ നാല് ആഴ്ചയെങ്കിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ മൊബൈൽ ഫോണും ലാപ്‍ടോപ്പുമടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തുവെന്നും നികിത ഹർജിയിൽ ആരോപിക്കുന്നു. ഹർജി ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്കെതിരെ ദില്ലി പൊലീസ് റജിസ്റ്റർ ചെയ്തെന്ന് പറയപ്പെടുന്ന എഫ്ഐആറിന്‍റെ പകർപ്പും നൽകണമെന്ന് നികിത ഈ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഈ എഫ്ഐആർ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് നികിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നികിത ജേക്കബിനെ ബന്ധപ്പെട്ടിരുന്നുവെന്നാണ് ദില്ലി പൊലീസ് വാദം. റിപ്പബ്ലിക് ദിനത്തില്‍ ട്വിറ്ററില്‍ കർഷകസമരത്തിന്‍റെ ട്വീറ്റുകള്‍ തരംഗമാക്കാണമെന്ന ആവശ്യം അവർ നികിതയോട് ഉന്നയിച്ചുവെന്നും ദില്ലി പൊലീസ് പറയുന്നു. ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയത് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനാണെന്നാണ് കണ്ടെത്തല്‍.

ഇതിനെ തുടര്‍ന്നാണ് നികിതക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നികിത ഒളിവിലാണെന്നും എന്നാല്‍ വീട്ടിലെത്തി ചില ഇല്ക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചുവന്നും ദില്ലി പൊലീസ് അറിയിച്ചു.

അതേസമയം കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബെംഗളുരുവിലെ പ്രമുഖ കോളേജായ മൗണ്ട് കാർമലിലെ ബിരുദാനന്തരബിരുദവിദ്യാർത്ഥിനിയാണ് ദിഷ. ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റ് തയ്യാറാക്കിയത് താനല്ലെന്നും, അതിലെ രണ്ട് വരികൾ എഡിറ്റ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും ദിഷ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കർഷകസമരങ്ങൾക്ക് പൂർണപിന്തുണയുമായാണ് താൻ നിൽക്കുന്നതെന്നും ദിഷ കോടതിയിൽ പറഞ്ഞു. 

ദിഷയെ അറസ്റ്റ് ചെയ്ത വാർത്ത പങ്കുവെച്ച് ഇന്ത്യയെ നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ഗാന്ധിയും നിരായുധയായ പെണ്‍കുട്ടിയെ തോക്കേന്തിയവര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്കഗാന്ധിയും കുറിച്ചു. സർക്കാരിന്‍റെ നടപടി ഇന്ത്യയിലെ യുവത്വത്തെ ഉണര്‍ത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വീറ്റ് ചെയ്തു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. 78 ആക്ടിവിസ്റ്റുകള്‍ അറസ്റ്റിനെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios