ചെന്നൈ: പൗരത്വ നിയമം തമിഴ്‍നാട്ടില്‍ നടപ്പാക്കില്ലെന്ന് മന്ത്രി നീലോഫർ കഫീൽ. പൗരത്വ നിയമത്തിനെതിരെ തമിഴ്‍നാട്ടില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി ബില്ലിനെ  പിന്തുണച്ച അണ്ണാ ഡിഎംകെയില്‍ തന്നെ ഭിന്നത ഉടലെടുത്തിരിക്കുന്നത്. പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളെ അണി നിരത്തി ചെന്നൈയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂറ്റന്‍ റാലി നടത്തിയിരുന്നു. പൗരത്വ നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല, മുസ്ലീങ്ങൾ ഭീതിയോടെയാണ് കഴിയുന്നത് എന്നായിരുന്നു അണ്ണാ ഡിഎംകെ മന്ത്രി നീലോഫർ കഫീലിന്‍റെ പ്രതികരണം.ഭേദഗതി നടപ്പാക്കില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. 

പൗരത്വ ഭേദഗതി ബിൽ പിന്തുണച്ച അണ്ണാ ഡിഎംകെ തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാർഡുകളുമായായിരുന്നു പ്രതിപക്ഷം ചെന്നൈയില്‍ പ്രതിഷേധ റാലി നടത്തിയത്. പി ചിദംബരം ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും സിപിഎം, എംഡിഎംകെ നേതാക്കളും ഡിഎംകെയ്ക്കൊപ്പം തെരുവിലിങ്ങിയിരുന്നു.  പൗരത്വ നിയമം പിന്തുണച്ച അണ്ണാ ഡിഎംകെ തമിഴ്‍നാടിനെ വഞ്ചിച്ചെന്നും തമിഴ്‍നാട്ടിലെ ജനങ്ങള്‍ ഒറ്റിക്കൊടുക്കുകയാണെന്നും നേരത്തെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു.