നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് തിരിക്കാൻ കേന്ദ്ര സഹായം വേണമെന്ന് അമ്മ, ഹർജി ഇന്ന് പരിഗണിക്കും
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യാതൊരു പുരോഗതിയുമുണ്ടാകാത്ത സഹാചര്യത്തിലാണ് മാതാവ് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യാതൊരു പുരോഗതിയുമുണ്ടാകാത്ത സഹാചര്യത്തിലാണ് മാതാവ് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിന്‍റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടെണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയറായിട്ടില്ല. അഡ്വ. സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് ഹര്‍ജി സമർപ്പിച്ചത്.
മോചനത്തിനായി വേഗം ഇടപെടണമെന്ന് ജയിലിൽ നിന്ന് നിമിഷപ്രിയ സന്ദേശമയച്ചിരുന്നു. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം അയച്ചത്. വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് നിമിഷ പ്രിയ ഏഷ്യാനെറ്റ് ന്യൂസിന് അയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്.
തന്‍റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും നിമിഷ അപേക്ഷിക്കുന്നത്. കുറച്ചുകൂടി സജീവമായി ഇടപെടല്‍ ഉണ്ടാകണമെന്നാണ് അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. ഈ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് തലത്തില്‍ എന്ത് തുടര്‍നപടികളാണ് ഉണ്ടായതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം.