കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ വീണു, മൂന്നാം ക്ലാസുകാരിയുടെ മരണം ഹൃദയാഘാതം മൂലം
വ്യാഴാഴ്ച കുട്ടികൾ കളിക്കുന്നതിനിടെ 3ാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനേ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ലക്നൌ: സ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതം. മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ലക്നൌവ്വിലാണ് സംഭവം. ലക്നൌവ്വിലെ മോണ്ട്ഫോർട്ട് സ്കൂളിലാണ് ഒൻപതുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച കുട്ടികൾ കളിക്കുന്നതിനിടെ 3ാം ക്ലാസ് വിദ്യാർത്ഥിനി മാൻവി സിംഗ് കുഴഞ്ഞ് വീഴുകയായിരുന്നു.
കുട്ടിയെ അധ്യാപകർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മാൻവി മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവന വിശദമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ മാൻവിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ സ്കൂളിനെതിരെ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി മകളുടെ മരണത്തിൽ സ്കൂളിനെതിരെ നിയമ നടപടികൾ തുടങ്ങാൻ താൽപര്യമില്ലെന്ന് എഴുതി നൽകിയതായാണ് എസ്എച്ച്ഒ അഖിലേഷ് മിശ്ര പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 9 വയസുകാരിക്ക് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരുന്നതായും ചികിത്സയും പരിശോധനകളും പുരോഗമിക്കുന്നതിനിടയിലാണ് മരണമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ലക്നൌവ്വിലെ സ്കൂളുകളിൽ വച്ച് കുട്ടികൾ പെട്ടന്ന് മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ 20ന് 9ാംക്ലാസ് വിദ്യാർത്ഥി ക്ലാസ് നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം