ദില്ലി: നിർഭയ കേസിലെ നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികളിലൊരാള്‍ ദില്ലി തീസ് ഹസാരി കോടതിയെ സമീപിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് അക്ഷയ് സിംഗ് ഹർജി സമർപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അക്ഷയ് സിംഗ് ദില്ലി തീസ് ഹസാരി കോടതിയെയും സമീപിച്ചിരുന്നു. 

എന്നാല്‍, പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്നാണ് സൂചന. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതേസമയം, മറ്റൊരു പ്രതി അക്ഷയ് സിങ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണനയ്ക്കെടുക്കുന്നത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. സമൂഹത്തിന്‍റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.