Asianet News MalayalamAsianet News Malayalam

നിർഭയ കേസ്: കുറ്റവാളികളെ തൂക്കിലേറ്റാൻ ഇനിയൊരു പകൽ മാത്രം ബാക്കി

കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു.

nirbhaya case convicts be hanged tomorrow
Author
Delhi, First Published Mar 19, 2020, 7:10 AM IST

ദില്ലി: നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാൻ ഇനിയൊരു പകൽ മാത്രം ബാക്കി. വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ അവസാനവട്ട ശ്രമങ്ങൾ സജീവമാണ്. മരണവാറന്‍റ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ആയുധമാക്കുന്നു. 

ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. തിഹാർ ജയിൽ അധികൃതർക്കും ദില്ലി സർക്കാരിനും നോട്ടീസ് അയച്ച കോടതി ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നാടകീയ നീക്കങ്ങൾ ഇനിയും പ്രതീക്ഷിക്കാം. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.

നിയമത്തിന്‍റെ മുഴുവൻ സാധ്യതകളും പരീക്ഷിച്ച കുറ്റവാളികൾ ശ്രമം തുടർന്നാൽ സുപ്രീംകോടതിയും ഹൈക്കോടതിയും അർദ്ധരാത്രിയിലും ഹർജികൾ തീർപ്പാക്കാൻ കൂടിയേക്കും. നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നൽകി.

Follow Us:
Download App:
  • android
  • ios