ദില്ലി: നിർഭയ കേസ് പ്രതികളുടെ ഹർജി തള്ളിയതിന് പിന്നാലെ ദില്ലി ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. ഹർജി തള്ളിയ ശേഷവും പ്രതിഭാഗം വാദം തുടർന്നുവെങ്കിലും പുലർച്ചെ വരെ വാദിച്ചാലും വിധി മാറില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ വിധി വന്നാലുടന്‍ സുപ്രീം കോടതിയെ  സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ എ പി സിംഗ് നിലപാടെടുത്തു. എന്നാൽ വിധി പ്രഖ്യാപിച്ചിട്ടും വിധിപ്പകർപ്പ് ദില്ലി ഹൈക്കോടതി ഇത് വരെ കൈമാറിയിട്ടില്ല. 

ഉത്തരവ് കിട്ടിയില്ലെങ്കിൽ സുപ്രീം കോടതിയിൽ പോകില്ലെന്ന് എ പി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തരവ് കിട്ടാനുള്ള നടപടികൾ വൈകിപ്പിക്കുകയാണെന്നും എ പി സിംഗ് ആരോപിച്ചു. പ്രതികൾ പാവപ്പെട്ടവരായത് കൊണ്ടും, മാധ്യമങ്ങളുടെയും മറ്റും സമ്മർദ്ദം കാരണവുമാണ് തന്‍റെ പ്രതികൾക്ക് അവർക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടുന്നതെന്നും എ പി സിംഗ് പ്രതികരിച്ചു. 

രാത്രി തന്നെ എ പി സിംഗ് സുപ്രീം കോടതിയിലേക്ക് തിരിച്ചിട്ടുണ്ട് വിധി പകർപ്പ് കിട്ടിയില്ലെങ്കിലും കാര്യങ്ങൾ സുപ്രീം കോടതിയെ ധരിപ്പിക്കുകയാണ് ലക്ഷ്യം. 

വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് എ പി സിംഗ് കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും  വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു. 

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി. 

എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി. ഒരു രേഖയുമില്ലാതെയാണ് ഹർജി നൽകി സ്റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ രണ്ട് ദിവസം കഴിയുമ്പോൾ ഹർജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി. 

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. 

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.

നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നൽകി.