ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ. ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികൾക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? എന്നീ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവർ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്‍റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രായപൂർത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു.

Also Read: നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു

അക്ഷയ് സിങ്ങും പവന്‍ ഗുപ്തയും ദയാഹര്‍ജി നല്‍കുന്നതടക്കമുള്ള നിയമ പരിരക്ഷ ഉപയോഗപ്പെടുത്തുമെന്നാണ് സൂചനകള്‍. ഇതിനിടെ, വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയം ഒരാഴ്ചയായി വെട്ടിക്കുറയ്ക്കണം, തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനു സമയം നിശ്ചയിക്കണം എന്നിവയായിരുന്നു കേന്ദ്രത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. നിര്‍ഭയ പ്രതികളുടെ വധശിക്ഷ വൈകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം.