ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികളുടെ വധശിക്ഷ മാറ്റിക്കുറിക്കാനായി അവസാന മണിക്കൂറുകളില്‍ നിയമയുദ്ധം തുടരുമ്പോള്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ. കുറ്റവാളികള്‍ക്ക് ഇതിനകം ഒരുപാട് സമയം നല്‍കി കഴിഞ്ഞതായി നിര്‍ഭയയുടെ അമ്മ എഎന്‍ഐയോട് പറഞ്ഞു. വധശിക്ഷ വൈകിപ്പിക്കാനായി അവര്‍ നിരവധി ഹര്‍ജികള്‍ കൊടുത്തിരുന്നു.

അവസാനം ഹൈക്കോടതി വീണ്ടും ഹര്‍ജി തള്ളി. ഞങ്ങളും സുപ്രീംകോടതിയിലേക്ക് പോവുകയാണ്, അവിടെയും അവരുടെ ഹര്‍ജി തള്ളും. കുറ്റവാളികള്‍ ഇന്ന് രാവിലെ തന്നെ തൂക്കിലേറുമെന്നും അവര്‍ പറഞ്ഞു. രണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

ഹർജി ഇപ്പോൾ കോടതി പരിഗണിക്കുകയാണ്. എന്നാല്‍, ഈ  ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളുകയായിരുന്നു. വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി.