ദില്ലി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ പിഴവ് വരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്നാല്‍, തെറ്റ് ബോധ്യപ്പെട്ടതോടെ ധനമന്ത്രി തന്നെ തിരുത്തുമായി രംഗത്തെത്തി. ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണെന്നും തിരുത്തിവായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജിഡിപിയുടെ 10 ശതമാനമായ 20 ലക്ഷത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെന്നാണ് നിര്‍മലാ സീതാരാമന്‍ ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍, 20 ലക്ഷം കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ട്വീറ്റിലെ കോടി വിട്ടുപോയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ചതാണെന്നും 20 ലക്ഷം കോടിയെന്ന് തിരുത്തി വായിക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ധനമന്ത്രി വ്യക്തമാക്കും.