ബിജെപിയുടെ പാർലമെന്‍റ്  പ്രവാസ് യോജന പദ്ധതിയുടെ ഭാഗമായി മന്ത്രി തെലങ്കാനയിലെത്തിയപ്പോഴായിരുന്നു സംഭവം. റേഷൻ വിതരണത്തിൽ കേന്ദ്ര - സംസ്ഥാന വിഹിതത്തെക്കുറിച്ച് കേന്ദ്രമന്ത്രി തിരക്കിയെങ്കിലും കളക്ടർ കൃത്യമായ മറുപടി നൽകിയില്ല.

അമരാവതി: റേഷൻ കടയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കാത്തതിൽ കളക്ടറോട് കയര്‍ത്ത് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. തെലങ്കാനയിലാണ് സംഭവം. കാമറെഡ്ഡി കളക്ടറായ ജിതേഷ് പാട്ടീലിനെയാണ് ആൾക്കൂട്ടത്തിനു മുന്നിൽ കേന്ദ്രമന്ത്രി നിർത്തിപ്പൊരിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കിയിട്ടും മഹാനായ നേതാവിന്‍റെ ചിത്രം വയ്ക്കാത്തത് എന്ത് എന്നായിരുന്നു നിര്‍മ്മല സീതാരാമന്‍റെ ചോദ്യം.

റേഷൻ കടകൾക്ക് മുൻപിൽ മോദിയുടെ ചിത്രമില്ലാത്തതും റേഷൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു നിർമല രോഷം പ്രകടിപ്പിച്ചത്. ബിജെപിയുടെ പാർലമെന്‍റ് പ്രവാസ് യോജന പദ്ധതിയുടെ ഭാഗമായി മന്ത്രി തെലങ്കാനയിലെത്തിയപ്പോഴായിരുന്നു സംഭവം. റേഷൻ വിതരണത്തിൽ കേന്ദ്ര - സംസ്ഥാന വിഹിതത്തെക്കുറിച്ച് കേന്ദ്രമന്ത്രി തിരക്കിയെങ്കിലും കളക്ടർ കൃത്യമായ മറുപടി നൽകിയില്ല.

ഇതിന് പിന്നാലെയാണ് മന്ത്രി കളക്ടറോട് കയർത്തത്. കേന്ദ്ര മന്ത്രിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു പ്രതികരിച്ചു. തെരുവിലെ ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കഠിനാധ്വാനികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുക മാത്രമേ ചെയ്യൂവെന്നും കെടിആർ ചൂണ്ടികാട്ടി. നികുതി കണക്ക് നോക്കിയാൽ കേന്ദ്രം തെലങ്കാനയോട് നന്ദി പറഞ്ഞ് ബാനർ വയ്ക്കേണ്ടി വരുമെന്നും കെടിആർ വ്യക്തമാക്കി.

തെലങ്കാന ധനകാര്യ മന്ത്രി ടി ഹരീഷ് റാവുവും നിര്‍മ്മല സീതാരാമനെതിരെ രംഗത്ത് വന്നു. നികുതി വരുമാനത്തിനായി രാജ്യം ആശ്രയിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാനയെന്ന് ഹരീഷ് റാവു വന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ദരിദ്രമാണ്. ചില സംസ്ഥാനങ്ങൾ രാജ്യത്തിന് സമ്പത്ത് നൽകുന്നു, അത് ദരിദ്ര സംസ്ഥാനങ്ങൾക്ക് പുനർവിതരണം ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സംസ്ഥാനമാണ് തെലങ്കാന. 1.7 ലക്ഷം കോടി രൂപ മിച്ചമായി ഞങ്ങൾ കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഞങ്ങൾ കേന്ദ്ര സര്‍ക്കാരിനും മറ്റ് പല സംസ്ഥാനങ്ങൾക്കും ഞങ്ങളുടെ ഫണ്ടുകൾ നൽകുന്നുണ്ടെന്നും ഹരീഷ് റാവു പറഞ്ഞു.