മുംബൈ: മഹാരാഷ്ട്രയിൽ വീശിയടിച്ച നിസർഗ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി. വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. നാസിക്കിൽ നിന്നും 70 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇപ്പോഴത്തെ സ്ഥാനം.

ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം കാരണം മധ്യ മഹാരാഷ്ട്ര ,വിദർഭ ,മറാത്ത വാഡ , മധ്യപ്രദേശിൻ്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂർ കാര്യമായ മഴ ലഭിക്കും. ദക്ഷിണ കൊങ്കൺ, ഗോവ, ദക്ഷിണ ഗുജറാത്ത് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 12 മണിക്കൂർ കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയിൽ നിന്ന്  90 കിലോമീറ്റർ മാത്രം അകലെ അലിബാഗിൽ ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരൻ മരിച്ചു. മുംബൈയിലടക്കം വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.എന്നാൽ കാറ്റ് തീരം തൊട്ട റായ്ഗഡ് ജില്ലയിലെ അലിബാഗിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററിലധികമായിരുന്നു. വീടുകൾക്ക് കേടുപാടുകൾ പറ്റുകയും  മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 

തൊട്ടടുത്ത രത്നഗിരി തീരത്ത് കുടുങ്ങിയ കപ്പലിലിൽ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തി. സിന്ധുദുർഗ്,രത്നഗിരി,റായ്ഗഡ് എന്നീ ജില്ലകളിൽ കനത്ത മഴപെയ്യുകയാണ്. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് കടലാക്രമണം രൂക്ഷമായിരുന്നു. എന്നാൽ തീരമേഖലയിൽ നിന്ന് ഇന്ന് രാവിലയോടെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു.റായ്ഗഡിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ നീങ്ങിയ കാറ്റിന് ശക്തി കുറഞ്ഞു. മുംബൈയിൽ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിതി അത്രയും രൂക്ഷമായില്ല. എന്നാലും താഴ്ന്ന പ്രദേശങ്ങളിലുള്ള ചേരികളിലെ വെള്ളക്കെട്ട് ദുരിതമായി. 

കാറ്റിൽ വ്യാപകമായി മരങ്ങൾ വീണു. ചിലയിടത്ത് മരം വീണ് വാഹനങ്ങൾ തക‍ർന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മുംബൈ പൂനെ വിമാനത്താളങ്ങൾ നാല് മണിക്കൂറോളം അടച്ചിട്ടു. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളടക്കം സമയക്രമം മാറ്റിയിരുന്നു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയിലെ പരീക്ഷണകാലം കാര്യമായ പരിക്കുകളില്ലാതെ അതിജീവിക്കാൻ കഴിഞ്ഞതിലെ ആശ്വാസത്തിനാണ് മുംബൈ കോർപ്പറേഷൻ.