ദില്ലി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നാല് വർഷത്തെ നിതി ആയോഗിന്‍റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പിണറായി തുറന്നടിച്ചു. സംസ്ഥാനതാത്പര്യങ്ങൾ പലപ്പോഴും നിതി ആയോഗ് പരിഗണിക്കുന്നില്ലെന്നും പിണറായി വിമർശനമുയർത്തി.

സംസ്ഥാനതാത്പര്യങ്ങൾ പരിഗണിക്കുന്ന തരത്തിലല്ല പലപ്പോഴും നിതി ആയോഗ് അജണ്ടകൾ തീരുമാനിക്കപ്പെടുന്നതെന്ന് യോഗത്തിൽ പിണറായി പറഞ്ഞു. യോഗത്തിന്‍റെ അജണ്ട തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തണം. പ്ലാനിംഗ് കമ്മീഷന് പകരമായി നിതി ആയോഗ് മാറിയില്ല. പ്ലാനിംഗ് കമ്മീഷന്‍റേത് പോലെ കാര്യങ്ങൾ നടപ്പിലാക്കാൻ നിതി ആയോഗിനായിട്ടില്ല. പ്രളയ പുനരധിവാസത്തിന് കേരളത്തിന്‌ അർഹമായ സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ വിമർശനമുയർത്തി.

മോദി - പിണറായി കൂടിക്കാഴ്ച

കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനല്ല, സംസ്ഥാനസർക്കാരിന്‍റെ കീഴിലുള്ള സിയാലിന് തന്നെ നൽകണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

വിമാനത്താവള നടത്തിപ്പിൽ സിയാലിന്‍റെ കാര്യപ്രാപ്തി തെളിയിക്കപ്പെട്ടതാണെന്ന് പിണറായി മോദിയോട് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ പ്രശംസ വരെ സിയാലിന് കിട്ടിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലൂടെ സിയാൽ അത് വീണ്ടും തെളിയിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തിയുള്ള പരിചയം സർക്കാരിനുണ്ട്. അതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്  സർക്കാരിനെ ഏൽപിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്. 

കേരളത്തിന്‍റെ ആവശ്യം കൃത്യമായി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനായി. പ്രധാനമന്ത്രി ആവശ്യങ്ങൾ കേട്ടു. നല്ല പ്രതീക്ഷയുണ്ട്. നല്ല തീരുമാനം ഉണ്ടായേക്കാം എന്നാണ് മനസ്സിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: തിരുവനന്തപുരം വിമാനത്താവളം അദാനിക്കല്ല, സിയാലിന് തന്നെ വേണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി