നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. 2015 - 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്.

തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന (kerala) നീതി ആയോഗിന്റെ (niti aayog) ദാരിദ്യ സൂചിക (poverty index) പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയപ്പോരും കനക്കുന്നു. നീതി ആയോഗിന്റെ ദാരിദ്യ സൂചിക സംസ്ഥാന സർക്കാരിന്‍റെ നേട്ടമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കണക്കുകൾ നിരത്തി കോൺഗ്രസ് നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി.

2015-16ലെ ദേശീയ കുടുംബാരോഗ്യസർവ്വയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് എങ്ങനെ പിണറായി സർക്കാരിന്‍റെ നേട്ടമാകുമെന്ന ചോദ്യമാണ് കോൺഗ്രസ് നേതാക്കൾ കണക്ക് നിരത്തി ചോദിക്കുന്നത്. 2015-16 കാലഘട്ടത്തിൽ കേരളം ആരായിരുന്നു ഭരിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും നേട്ടം കോൺഗ്രസിന്‍റെതാണെന്ന കണക്കുകളുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ രാഷ്ട്രീയപ്പോര് കടുക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്‍റെ ദാരിദ്ര്യത്തിനെതിരേയുള്ള പോരാട്ടത്തിന്‍റെ വിജയം- ഉമ്മന്‍ ചാണ്ടി

നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു. ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തല്‍ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകള്‍ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.

ദാരിദ്ര്യം എറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോർട്ട് യുഡിഎഫ് സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. 2015-16 അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ ജനകീയ പരിപാടികൾ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടെന്ന് ചെന്നിത്തല പറഞ്ഞു.

2020-21 കാലയളവിലെ സൂചിക റിപ്പോർട്ട് പുറത്ത് വരുമ്പോൾ കേരളത്തിന് ഈ റിപ്പോർട്ടിലെ നില തുടരാൻ കഴിയുമോ എന്ന് സംശയമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് ദാരിദ്രനിർമ്മാർജനത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അവകാശ വാദം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 2015 - 16 ലെ നീതി ആയോഗിന്റെ സർവേ ഫലമാണ് പുറത്ത് വന്നത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പട്ടിക വിവരങ്ങള്‍ ഇങ്ങനെ

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള സംസ്ഥാനം ബിഹാ‍ർ ആണെന്നാണ് നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പട്ടിക പറയുന്നത്. ബിഹാ‍റിലെ ജനസംഖ്യയുടെ അൻപത്തിയൊന്ന് ശതമാനം പേരും ദരിദ്രരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളമാണ് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നും കണക്കുകള്‍ പറയുന്നു. 2015 - 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്.

നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള അഞ്ച് സംസ്ഥാനങ്ങള്‍. ബിഹാറില്‍ ആകെ ജനസംഖ്യയുടെ 51 ശതമാനം പേരും ദാരിദ്ര്യത്തിലാണെന്നാണ് നീതി ആയോഗ് കണ്ടെത്തല്‍. പോഷകാഹാര കുറവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനവും ബിഹാറാണ്. ഉത്തര്‍പ്രദേശില്‍ 37 ശതമാനം പേരാണ് ദരിദ്രരായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും ദാരിദ്രം കുറഞ്ഞ സംസ്ഥാനമായ കേരളത്തില്‍ ജനസംഖ്യയുടെ 0.71 ശതമാനം ആളുകളാണ് സൂചികയ്ക്ക് താഴെയുള്ളത്. 1.72 ശതമാനം ദരിദ്രരുള്ള പുതുച്ചേരിയാണ് ഏറ്റവും കുറവ് ദരിദ്രരരുള്ള കേന്ദ്ര ഭരണപ്രദേശം.

ഗ്രാമീണ മേഖലയില്‍ 32.75 നഗരമേഖലയില്‍ 8.81വുമാണ് ദാരിദ്രം അനുഭവിക്കുന്നവരുടെ ശതമാനം. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര സൂചിക പട്ടിക തയ്യാറാക്കിയത്. 2015 -16 ലെ ദേശീയ കുടുംബാരോഗ്യ സര്‍വയിലെ കണക്കുകള‍ുടെ അടിസ്ഥാനമാക്കിയാണ് ഇത്. എന്നാല്‍ 2015-16 കാലഘട്ടത്തിന് ശേഷം ദാരിദ്യനിര്‍മാര്‍ജനത്തില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് വ്യക്തമാക്കി. അതിനാൽ ഇപ്പോഴത്തെ യഥാർത്ഥ സംഖ്യയിൽ മാറ്റമുണ്ടാകും. ഇപ്പോള്‍ പുറത്തുവന്ന കണ്ടെത്തലുകള്‍ കൂടി പരിഗണിച്ചാകും കേന്ദ്ര സർക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുക.