Asianet News MalayalamAsianet News Malayalam

ലോഞ്ചിനൊരുങ്ങി ചാണകത്തില്‍ നിന്നുള്ള പെയിന്‍റ്; വിഷമുക്തമെന്ന് നിതിന്‍ ഗഡ്കരി

 ചാണകമാണ് പെയിന്‍റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്‍റിന്റെ ഹൈലൈറ്റ്. 

nitin gadkari to launch paint from cow dung
Author
New Delhi, First Published Jan 11, 2021, 6:09 PM IST

ദില്ലി: ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഖാദിയാണ് വേദിക് പെയിന്‍റ് ഉല്‍പാദിപ്പിക്കുന്നത്.  പരിസ്ഥിതി സൌഹാര്‍ദ്ദപരമായതും വിഷമുക്തവുമാണ് ഈ പെയിന്‍റ് എന്നാണ് അവകാശപ്പെടുന്നത്. ഖാദി പ്രകൃതിക് പെയിന്‍റ് എന്ന വിഭാഗത്തിലാണ് ഉല്‍പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമായിരിക്കും ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ഫംഗസ് വിമുക്തവും, ആന്‍റി ബാക്ടീരിയലുമാണ് ഈ പെയിന്‍റെന്നാണ് അവകാശവാദം. ചാണകമാണ് പെയിന്‍റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്‍റിന്റെ ഹൈലൈറ്റ്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നമെത്തുന്നത്. പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്‍റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നീ രണ്ട് വിധത്തിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. കെവിഐസിയാണ് ആശയത്തിന് പിന്നില്‍. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്‍റ് നിര്‍മ്മിച്ചെടുത്തത്.

ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ള വസ്തുക്കളില്‍ നിന്ന് വിമുക്തമാണ് ഈ പെയിന്‍റ്. പ്രാദേശികാടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ഉല്‍പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവകാശവാദം. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവും ഇതെന്നാണ് കേന്ദ്രമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നത്. ദില്ലി, മുംബൈ, ഗാസിയാബാദ് അടക്കമുള്ള പ്രമുഖ ലാബുകളിലാണ് പെയിന്‍റിന്‍റെ പരീക്ഷണങ്ങള്‍ നടന്നത്. 

Follow Us:
Download App:
  • android
  • ios