പറ്റ്ന: ബിഹാര്‍ പിടിച്ചെടുത്തെങ്കിലും രണ്ട് പതിറ്റാണ്ടിലധികമായി ബീഹാർ രാഷ്ട്രീയത്തിലുണ്ടായിരുന്ന അപ്രമാദിത്വം നിതീഷ് കുമാറിന് നഷ്ടമാവുകയാണ്.  സീറ്റുകൾ കുറഞ്ഞെങ്കിലും എൻഡിഎ സഖ്യത്തിന്‍റെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കുവെക്കില്ലെന്ന് ജെഡിയു അധ്യക്ഷൻ വസിഷ്ട നാരായണ്‍ സിംഗ് അറിയിച്ചു.

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ എന്ന മെക്കാനിക്കൽ എഞ്ചിനീയർ ഒരു അത്ഭുതമായിരുന്നു. രണ്ടു ശതമാനം മാത്രമുള്ള തൻറെ സമുദായത്തിൻറെ വോട്ടുകൾക്കൊപ്പം പല വിഭാഗങ്ങളെയും കൂട്ടിയിണക്കിയുള്ള സാമൂഹ്യ എഞ്ചിനീയറിംഗിൽ നിതീഷിനെ വെല്ലാൻ ആരുമില്ലായിരുന്നു. 

ബിഹാറിലെ അതേ മണ്ണിൽ നിതീഷ് തളരുകയാണ്. ബിജെപിക്കൊപ്പം നിന്ന് അധികാരത്തിലേക്ക് എത്തുമ്പോഴും പഴയ കരുത്ത് ഇനി നിതീഷിന് ഉണ്ടാകണമെന്നില്ല. സീറ്റ് നിലയിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമ്പോൾ ബിജെപിക്ക് ഒപ്പം എന്നത് മാറി ബിജെപി കീഴിലെ മുഖ്യമന്ത്രിയായി നിതീഷ് മാറും.

സീറ്റുകൾ കുറഞ്ഞാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആ നിലപാട് ബിജെപിയും ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി നിതീഷ് തന്നെയായിരിക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ട നാരായണ്‍ സിംഗ് വ്യക്തമാക്കി. 

ശരദ് യാദവ്, ലാലുപ്രസാദ് യാദവ്, രാംവിലാസ് പസ്വാൻ തുടങ്ങിയവർക്കൊപ്പം മണ്ഡൽ രാഷ്ട്രീയത്തിലൂടെ  ദേശീയരംഗത്തേക്കുയർന്ന നേതാവാണ് നിതീഷ്.  കുടുംബരാഷ്ട്രീയത്തോടുള്ള രോഷത്തിൻറെ പ്രതീകമായ നിതീഷ് കുടുംബത്തെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തി. പക്ഷെ, ശ്രദ്ധയോടെ വളർത്തിയെടുത്ത സാമൂഹ്യ അടിത്തറ ചോരുന്നു. 

നിതീഷിനെ വീഴ്ത്താൻ ചിരാഗ് പസ്വാനുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി ചര്‍ച്ചകൾ സജീവമാണ്. എൻഡിഎ വിട്ടുള്ള പുതിയ തന്ത്രങ്ങൾക്ക് തൽക്കാലം നിതീഷ് ശ്രമിച്ചേക്കില്ല.  പക്ഷെ, ഒന്നിനും സ്ഥിരതയില്ലാത്ത ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം.