പട്ന: തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ്കുമാർ ശാരീരികമായും മാനസികമായും ക്ഷീണിതനാണെന്നും സംസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നുമാണ് തേജസ്വി യാദവിന്റെ വിമർശനം. 

ഞാൻ ആവർത്തിച്ചു പറയുന്നു, നിതീഷ് കുമാർ തളർന്നിരിക്കുകയാണ്. സംസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ശാരീരികമായും മാനസികമായും സംസ്ഥാനത്തെ നയിക്കുന്നതിൽ അ​ദ്ദേഹം ക്ഷീണിതനാണ്. തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബീഹാറിൽ ഒരു ദുരന്തമുണ്ടായപ്പോൾ അദ്ദേഹം എവിടെയായിരുന്നു എന്നും എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോ​ദിക്കുന്നതെന്നും എല്ലാവരും ചോദിക്കുന്നു. കഴിഞ്ഞ 15 വർഷമായി ഇവിടെ തൊഴിലവസരങ്ങളൊന്നും എത്തിയിട്ടില്ല. വ്യവസായം സ്ഥാപിച്ചിട്ടില്ല. ദാരിദ്ര്യത്തിന് കുറവില്ല. കുടിയേറ്റം വർദ്ധിച്ചിരിക്കുകയാണ്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോദിക്കുന്നത്? നിതീഷ് കുമാറിന്റെ റാലിയിൽ ലാലു യാദവ് സിന്ദാബാദ് മുദ്രാവാക്യം ഉയർത്തിയതോട് പ്രതികരിച്ചു കൊണ്ട് തേജസ്വി യാദവ് ചോദിച്ചു.

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 50 ആക്കിയ വിജ്ഞാപനം തങ്ങൾ അധികാരത്തിൽ എത്തിയാൽ റദ്ദാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. കൊവിഡ് 19 സാഹചര്യത്തിൽ റാലിയിൽ വൻ ജനക്കൂട്ടം എത്തിച്ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം അനുകൂലമല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെകുറിച്ച് ഇലക്ഷൻ കമ്മീഷനോട്  ആവശ്യപ്പെട്ടിരുന്നതായും തേജസ്വി പറഞ്ഞു.  'ഞങ്ങൾക്ക് തിരക്കൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനായിരുന്നു ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. ജനങ്ങൾ റാലിയിൽ പങ്കെടുക്കാൻ എത്തുന്നത് അവസാനിപ്പിക്കാൻ സാധിക്കില്ല.' തേജസ്വി യാദവ് പറഞ്ഞു.