രാഘവ് ചദ്ദയടക്കം ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി ശരിയായ പാതയിലായിരുന്നെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്നും അവർക്ക് സംഘടനയ്ക്കുള്ളിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരിക്കാമെന്നും അണ്ണാ ഹസാരെ പ്രതികരിച്ചു. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചാണ് ബിജെപിയിൽ ലയിക്കുന്നതെന്ന് എംപിമാർ അവകാശപ്പെട്ടു.

ദില്ലി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരണവുമായി അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ തുടർന്നിരുന്നെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. ഛദ്ദയടക്കമുള്ളവർക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവർ പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ.

പാർട്ടി വിട്ടവർക്ക് സംഘടനയ്ക്കുള്ളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക പ്രവർത്തകനായ ഹസാരെ 2011-12 ൽ നടത്തിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനിടയിലാണ് രാഘവ് ഛദ്ദ ആം ആദ്മി പാർട്ടിയിൽ ചേർന്നത്.

വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ അംഗങ്ങളും പാർട്ടി വിട്ടതായും പ്രത്യേക വിഭാഗമായി രാജ്യസഭയിൽ പ്രവർത്തിക്കുമെന്നും ഛദ്ദ അവകാശപ്പെട്ടു. ബിജെപിയിൽ ലയിക്കുന്നതിന് എംപിമാരുടെ സംഘം ഭരണഘടനാ വ്യവസ്ഥകൾ വിനിയോഗിച്ചതായും ഛദ്ദ പറഞ്ഞു. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയിൽ നിന്നുള്ള മൂന്ന് രണ്ട് അംഗങ്ങളായ ഞങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾ വിനിയോഗിക്കാനും ബിജെപിയിൽ ലയിക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി തുടങ്ങിയ പ്രമുഖരാണ് ബിജെപിയിൽ ചേരുന്നത്.