Asianet News MalayalamAsianet News Malayalam

നിവാർ ചുഴലിക്കാറ്റ്: ജാഗ്രത പാലിക്കണം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ  നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. 

nivar cyclone in tamilnadu updates
Author
Chennai, First Published Nov 24, 2020, 5:46 PM IST

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി.  വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. 

തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാൻ ദിശയിൽ സഞ്ചരിക്കുന്ന നിവാർ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ ക്യാമ്പുകൾ തുറന്നു. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടുതൽ അംഗങ്ങളെ തീരമേഖലയിൽ വിന്യസിച്ചു. 

ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ ജനം കർശനമായി പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ നിന്നുള്ള സബ്ബർബൻ സർവ്വീസുകൾ ഉൾപ്പടെ 24 ട്രെയിനുകൾ ദക്ഷിണ റെയിൽവേ തൽക്കാലത്തേക്ക്  റദ്ദാക്കി. ചെന്നൈ ചെങ്കൽ പ്പേട്ട് ഉൾപ്പടെ ഏഴ് ജില്ലകളിൽ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിർത്തിവച്ചു. ചെന്നൈ തുറമുഖം അടച്ചിട്ടു. പുതുച്ചേരിയിൽ രണ്ട് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു. ആശങ്ക വേണ്ടെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. തമിഴ്നാട് പുതുച്ചേരി ആന്ധ്രാ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. ആവശ്യമായ കേന്ദ്ര സഹായം ഉറപ്പ് നൽകി.

Follow Us:
Download App:
  • android
  • ios