ദില്ലി: ലൈംഗിക പീഡനാരോപണവിധേയനായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിൽ നിന്ന് മെഡൽ വാങ്ങില്ലെന്ന് ദേശീയ നിയമസർവകലാശാലയിലെ എൽഎൽഎം കോഴ്‍സിലെ സ്വർണമെഡലിസ്റ്റായ സുർഭി കാർവ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാതെ വിട്ടു നിന്ന സുർഭി, നീതിപൂർവമായ നടപടികൾ കേസിലുണ്ടായില്ലെന്ന് വിമർശിച്ചു. രാജ്യത്തെ പരമോന്നത ന്യായാധിപനെതിരെയുള്ള സുർഭിയുടെ പ്രതിഷേധം നീതിന്യായചരിത്രത്തിൽത്തന്നെ അപൂർവമാണ്. 

''ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ എന്നെ നീതിബോധം അനുവദിച്ചില്ല'', ലീഗൽ വെബ്‍സൈറ്റായ ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുർഭി പറഞ്ഞു. മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡനാരോപണത്തിൽ നീതിപൂർവമോ സുതാര്യമോ ആയ നടപടികളുണ്ടായില്ലെന്ന് സുർഭി കാർവ പറയുന്നു. ''ഇത്തരമൊരു കേസിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ രീതി അപലപനീയമാണ്. ചീഫ് ജസ്റ്റിസിൽ നിന്ന് അവാർഡ് വാങ്ങുന്ന കാര്യം തന്നെ എന്നെ അസ്വസ്ഥയാക്കുകയും, വേണ്ടെന്ന് വയ്ക്കാൻ പ്രേരിപ്പിക്കുന്നതുമാണ്'', എന്ന് സുർഭി. 

ഭരണഘടനാപരമായ നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളുമാണ് താൻ പഠിച്ചത്. അത്തരമൊരു നടപടികളും ചീഫ് ജസ്റ്റിസിനെതിരായ കേസിൽ പാലിക്കപ്പെട്ടില്ല - സുർഭി പറയുന്നു. 'ഭരണഘടന യഥാർത്ഥത്തിൽ ഫെമിനിസ്റ്റ് മുഖമുള്ളതാണോ' എന്ന അന്വേഷണമായിരുന്നു സുർഭിയുടെ എൽഎൽഎം കോഴ്‍സിന്‍റെ ഭാഗമായുള്ള തീസിസ്. സ്വർണമെഡൽ ലഭിക്കുക എന്നത് തന്നെയാണ് വലിയ അംഗീകാരമെന്ന് സുർഭി പറയുന്നു. 

ഇന്നലെ ദില്ലിയിൽ നടന്ന ബിരുദദാനച്ചടങ്ങിൽ എന്തുകൊണ്ടാണ് അഭിഭാഷക വൃത്തി വിദ്യാർത്ഥികൾ തെരഞ്ഞെടുക്കാൻ മടിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. എത്രയും പെട്ടെന്ന് ബാർ അസോസിയേഷനുകളിൽ എൻറോൾ ചെയ്യണമെന്നും, അഭിഭാഷകരാവുന്നത് തന്നെയാണ് ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ ഏറ്റവും സഹായകമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. 

കൂടുതൽ വായിക്കാം: നീതി കിട്ടിയില്ല; എനിക്ക് എല്ലാം നഷ്ടപ്പെട്ടു; ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതിയുടെ കത്ത്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികപീഡനാരോപണം

നാടകീയമായാണ് ഏപ്രിൽ 19-ന് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്‍റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കൽ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.

പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചർച്ച ചെയ്യാൻ പിറ്റേന്ന് തന്നെ സുപ്രീംകോടതിയിൽ തീർത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേർത്തു. കോടതിയിലെ മുതിർന്ന ജഡ്ജിമാരും അറ്റോർണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേർത്ത ആ സിറ്റിംഗിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തുടർന്ന് മറ്റൊരു സമിതിയെ രൂപീകരിച്ച് യുവതി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനും ഇതിലെ ഗൂഢാലോചന പരിഗണിക്കാൻ മറ്റൊരു മൂന്നംഗ ബഞ്ച് രൂപീകരിക്കാനും തീരുമാനമായി. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരിൽ നിന്ന് തന്നെ വിമർശനമുയർന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാൻ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. 

ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവർ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിർത്തു. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദർശകനാണെന്നും കാട്ടി പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് കത്ത് നൽകി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിയിൽ വന്നു. ഇതോടെ രണ്ട് വനിതാ ജഡ്ജിമാരടങ്ങിയ സമിതി പരാതി പരിഗണിക്കുമെന്ന് തീരുമാനമായി. 

എന്നാൽ, ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറി. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിംഗ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെക്കൂട്ടാൻ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും, സമിതിയിൽ വിശ്വാസമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പിൻമാറ്റം.