Asianet News MalayalamAsianet News Malayalam

'ബിജെപി സഖ്യം നടപ്പില്ല', അജിത് പവാർ ആശയക്കുഴപ്പം ഉണ്ടാക്കുന്നെന്ന് ശരദ് പവാർ

അണികളെയും എംഎൽഎമാരെയും ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രമാണ് അജിത് പവാർ ഇത്തരത്തിൽ പ്രസ്താവനകളിറക്കുന്നതെന്ന് ശരദ് പവാർ ഉടനടി പ്രതികരിച്ചു.

No BJP Alliance Sharad Pawar Says Ajit Pawar Trying To Create Confusion
Author
Mumbai, First Published Nov 24, 2019, 6:35 PM IST

മുംബൈ: താൻ എൻസിപിയിൽ തന്നെയാണെന്നും, തന്‍റെ നേതാവ് ശരദ് പവാറാണെന്നും ബിജെപിയുമായി സഖ്യം ചേർന്ന് മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്നുമുള്ള അജിത് പവാറിന്‍റെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് ശരദ് പവാർ തിരിച്ചടിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ല. എംഎൽഎമാരെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാർ ശ്രമിക്കുന്നതെന്നും എൻസിപി അധ്യക്ഷൻ ആരോപിച്ചു. 

ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാരിന് പിന്തുണയുമായി എൻസിപി എംഎൽഎമാർ എഴുതി ഒപ്പിട്ട കടലാസ് നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാർ ദുരുപയോഗം ചെയ്തെന്നും ഗവർണറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശരദ് പവാർ വ്യക്തമാക്കി. 

ശരദ് പവാർ തന്നെയാണ് നേതാവെന്നും, താൻ എൻസിപിയിലാണെന്നുമുള്ള അജിത് പവാറിന്‍റെ പ്രസ്താവന പലതും ലക്ഷ്യമിട്ടുള്ളതാണ്.

നാളെ രാവിലെ പതിനൊന്നരയോടെ ബിജെപി സഖ്യസർക്കാരിന് എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന, ദേവേന്ദ്ര ഫട്‍നവിസ് ഗവർണർക്ക് നൽകിയ കത്തും, ഗവർണർ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ കേന്ദ്രത്തിന് നൽകിയ കത്തും ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എൻസിപി - കോൺഗ്രസ് - സേന സഖ്യത്തിന്‍റെ നീക്കങ്ങൾക്കൊപ്പം ബിജെപിയും നീക്കങ്ങൾ തുടങ്ങുകയാണ്. സാക്ഷാൽ ശരദ് പവാറിനെത്തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്വന്തം പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായുള്ള ചരടുവലികൾ ദേവേന്ദ്ര ഫട്‍നവിസ് തുടങ്ങിക്കഴിഞ്ഞു. 

 

നവംബർ 22-ാം തീയതി രാത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാർ വരുമെന്ന് ശരദ് പവാർ പ്രഖ്യാപിച്ച്, നേരം ഇരുട്ടി വെളുത്തപ്പോഴേയ്ക്കാണ് സ്വന്തം അനന്തിരവനായ അജിത് പവാർ മറുകണ്ടം ചാടി ബിജെപിയുടെ ദേവേന്ദ്ര ഫട്‍നവിസിനൊപ്പം സർക്കാർ രൂപീകരിക്കുന്നതും ഉപമുഖ്യമന്ത്രിയാകുന്നതും. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ, ഒരു മണിക്കൂറിനകം, താനിതൊന്നും അറിഞ്ഞിരുന്നില്ലെന്നും, സേനയ്ക്കും കോൺഗ്രസിനുമൊപ്പം ഉറച്ചു നിൽക്കുന്നെന്നും ശരദ് പവാർ പ്രഖ്യാപിച്ചു. 

അജിത് പവാറിനൊപ്പം പോയ എംഎൽഎമാരെ ഓരോരുത്തരെയായി ശരദ് പവാർ തിരിച്ച് പിടിച്ചു. ഇപ്പോൾ അജിത് പവാറിന്‍റെ പക്ഷത്ത് വിരലിലെണ്ണാവുന്നവരേയുള്ളൂ. മൂന്ന് പേരേയുള്ളൂ എന്നാണ് സൂചന. 

അതായത്, മഹാരാഷ്ട്രയിൽ അജിത് പവാറിനെ വിശ്വസിച്ച് രാത്രി നീക്കങ്ങളിലൂടെ അധികാരത്തിലേറിയ ബിജെപി ഇപ്പോൾ വിയർക്കുകയാണ്. അജിത് പവാർ എൻസിപിയിൽ ഒറ്റപ്പെട്ടു. സുപ്രീം കോടതിയിൽ ഹ‍ർജിയുടെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടിയാണ് ബിജെപി കോൺഗ്രസ്- സേന- എൻസിപി സഖ്യത്തെ എതിർത്തത്. ഭൂരിപക്ഷം ഉറപ്പിക്കാൻ എത്ര എംഎൽഎമാർ കൂടെയുണ്ട് എന്ന് പറയാൻ കോടതിയിൽ ബിജെപിയുടെ അഭിഭാഷകൻ മുകുൾ റോത്തഗിക്ക് ആയില്ല. സംഖ്യ ഉണ്ടെങ്കിൽ ഇന്നോ നാളെയോ തെളിയിക്കാനുള്ള പ്രതിപക്ഷത്തിൻറെ വെല്ലുവിളി ഏറ്റെടുക്കാനുമായില്ല. 

ഗവർണറുടെ ഉത്തരവ് പരിശോധിച്ച് ഇനി കോടതി എടുക്കാൻ പോകുന്ന നിലപാട് പ്രധാനമാണ്. രാഷ്ട്രപതിയെ പോലും പുലർച്ചെ വിളിച്ചെഴുന്നേൽപിച്ചുള്ള നീക്കമാണ് ബിജെപി നടത്തിയത്. ഇതിനെതിരെയുള്ള കോടതിയുടെ ഏതു നിരീക്ഷണവും പ്രധാനമന്ത്രിക്ക് അടിയാവും. ചൊവ്വാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാൻ നാളെ കോടതി ഉത്തരവിടും എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

ട്വിറ്ററിൽ അജിത് പവാർ 'ഉപമുഖ്യമന്ത്രി'

എൻസിപി നേതൃത്വത്തിന്‍റെ കണക്ക് പ്രകാരം ആകെ നാല് എംഎൽഎമാർ മാത്രമേ ഇനി അജിത് പവാറിനൊപ്പമുള്ളൂ. അജിത് പവാർ കൂടി ചേർന്നാൽ അഞ്ചായി. ഇതിൽ മൂന്ന് പേരും തിരികെയെത്തുമെന്ന് എൻസിപി നേതൃത്വം വ്യക്തമാക്കുന്നുണ്ട്. പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ വഴിയാണ് ശരദ് പവാർ അജിത് പവാറുമായി സംസാരിക്കുന്നത്. എന്നാൽ വച്ച കാൽ പിന്നോട്ട് വയ്ക്കാൻ അജിത് പവാറിനായില്ല. ചർച്ചകൾക്ക് വഴങ്ങിയില്ല. 

ട്വിറ്ററിൽ സ്വന്തം വിശേഷണം, മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയെന്ന് മാറ്റിയ ശേഷമായിരുന്നു അജിത് പവാറിന്‍റെ ട്വീറ്റുകൾ. ശരദ് പവാറിനെത്തന്നെ വൻ വാഗ്ദാനങ്ങൾ നൽകി സ്വപക്ഷത്തേക്ക് കൊണ്ടുവരാനാകുമോ എന്നാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്.

മുംബൈയുടെ പ്രാന്തപ്രദേശമായ പൊവായിലെ റിനൈസൻസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് എൻസിപി - സേനാ എംഎൽഎമാരുള്ളത്. ഇവരെ കാണാൻ ഇന്ന് ശരദ് പവാറും ഉദ്ധവ് താക്കറെയും ഒന്നിച്ചാണെത്തിയത്. ആദിത്യാതാക്കറെയ്ക്ക് ഒപ്പം ഫോട്ടോ പങ്കുവയ്ക്കുന്നു സുപ്രിയ സുലെ. കോൺഗ്രസ് എംഎൽഎമാർ ഇപ്പോൾ അന്ധേരിയിലെ പഞ്ചനക്ഷത്രഹോട്ടലായ മാരിയറ്റിലാണുള്ളത്. 

ഗവർണർ മടങ്ങുന്നു

ദില്ലിയിലുള്ള മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി മുംബൈയിലേക്ക് മടങ്ങുകയാണ്. സുപ്രീംകോടതി നാളെ രാവിലെ 11.30-യ്ക്ക് പിന്തുണ അറിയിച്ച് ഫട്‍നവിസ് നൽകിയ കത്തും ഗവർണർ കേന്ദ്രത്തിന് നൽകിയ കത്തും ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്. ഗവർണറുടെ ഭാഗം വിശദീകരിച്ച് വിശദമായ വാദം നടക്കാനിരിക്കുകയാണ് നാളെ. ഈ സാഹചര്യത്തിലും മടങ്ങാനാണ് ഗവർണറുടെ തീരുമാനം. ഗവർണറുടെ മഹാരാഷ്ട്രയിലെ വസതിയായ രാജ്ഭവനും ഗവർണർ താമസിക്കുന്ന ദില്ലിയിലെ മഹാരാഷ്ട്ര സദനും സുരക്ഷ കൂട്ടി. 

Follow Us:
Download App:
  • android
  • ios