Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ കാലാവസ്ഥയില്‍ കൊറൊണവൈറസിന് അതിജീവിക്കാനാകില്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ഇന്ത്യയിലെ കാലാവസ്ഥയില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം തെളിയിച്ചിട്ടില്ല. ഉയര്‍ന്ന താപനിലയാണെങ്കില്‍ വൈറസുകള്‍ക്ക്  നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നത്  പൊതുവാദമാണ്. എന്നാല്‍ ഈ വാദത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

No confirmation that coronavirus won't survive Indian summer; Health Minister
Author
New Delhi, First Published Mar 12, 2020, 5:44 PM IST

ദില്ലി: ഇന്ത്യന്‍ കാലാവസ്ഥയില്‍ കൊറോണവൈറസിന് അതിജീവിക്കാനാകില്ലെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇന്ത്യയിലെ ചൂട് കാലാവസ്ഥയില്‍ കൊറോണവൈറസിന് നിലനില്‍ക്കാനാകില്ലെന്നുള്ള വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണ്. വൈറസിനെക്കുറിച്ച് ഇപ്പോഴും പഠനവും ഗവേഷണവും നടക്കുകയാണ്. ഇന്ത്യയിലെ കാലാവസ്ഥയില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം തെളിയിച്ചിട്ടില്ല. ഉയര്‍ന്ന താപനിലയാണെങ്കില്‍ വൈറസുകള്‍ക്ക്  നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നത്  പൊതുവാദമാണ്. എന്നാല്‍ ഈ വാദത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ശാസ്ത്രീയ തെളിവുകളില്ലാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ താപനിലയില്‍ കൊറോണവൈറസ് ബാധയുണ്ടാകില്ലെന്ന വാദവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 27 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്നായിരുന്നു പ്രധാനവാദം. അമേരിക്കയിലും ചൈനയിലും നടന്ന ചില പഠനങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നായിരുന്നു ഇവരുടെ വാദം.  എന്നാല്‍ ഈ വാദം ലോക ആരോഗ്യ സംഘടന തള്ളിയിരുന്നു. 'താപനില വര്‍ധിക്കുമ്പോള്‍ സാധാരണ പനി പോലെ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല'.-ലോക ആരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.  

ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്ത് ചിലര്‍ നടത്തിയ പഠനത്തില്‍ താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഈര്‍പ്പമുള്ളതും അതേസമയം,  32 ഡിഗ്രി സെല്‍ഷ്യസ് താപനിലയായതുമായ കാലാവസ്ഥയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Follow Us:
Download App:
  • android
  • ios